കഴിഞ്ഞ ദിവസമാണ് പാകിസ്താനിലെ ബലൂചിസ്ഥാനിൽ വിമത ഗ്രൂപ്പ് ഒരു ട്രെയിൻ റാഞ്ചി ലോകത്തെ തന്നെ നടുക്കിയത്. ട്രെയിൻ യാത്രക്കാരായ 21 പേരും നാല് അർദ്ധ സൈനികരും 33 വിമതരും ഈ സംഭവത്തിൽ കൊല്ലപ്പെട്ടു. ജാഫർ എക്സ്പ്രസ് ആണ് ബലൂചിസ്ഥാനിൽ വെച്ച് റാഞ്ചപ്പെട്ടത്. കാലങ്ങളായി ബലൂച് ലിബറേഷൻ ആർമിയും പാകിസ്താൻ സൈന്യവും തമ്മിൽ നടന്നുവരുന്ന സംഘർഷങ്ങളുടെ തുടർക്കഥയായിരുന്നു കഴിഞ്ഞദിവസം നടന്ന ഈ ട്രെയിൻ റാഞ്ചൽ.
ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ സംഭവം ചർച്ചയാകുമ്പോൾ ഏകദേശം 100 വർഷങ്ങൾക്കു മുൻപ് നടന്ന മറ്റൊരു ഉദ്വേഗജനകമായ ട്രെയിൻ റാഞ്ചൽ സംഭവവും ഒപ്പം ചർച്ചയാവുകയാണ്. 1923-ൽ ആണ് ചൈനയെ മൊത്തത്തിൽ നടുക്കിയ ഈ ട്രെയിൻ റാഞ്ചൽ നടന്നത്. അക്കാലത്തെ ചൈനയിലെ ഏറ്റവും വലിയ ആഡംബര ട്രെയിനുകളിൽ ഒന്നായ ബ്ലൂ എക്സ്പ്രസ് ആണ് റാഞ്ചപ്പെട്ടത്. വിദേശികൾ അടക്കമുള്ള 300 യാത്രക്കാരെ ആണ് കൊള്ളക്കാരുടെ ഒരു സംഘം ട്രെയിൻ റാഞ്ചിക്കൊണ്ട് പിടികൂടിയത്. 37 ദിവസങ്ങൾ നീണ്ട തടവിന് ശേഷമാണ് പിന്നീട് ഈ യാത്രക്കാർ പുറം ലോകം കണ്ടത്.
വിമാനം റാഞ്ചലുകളെ കുറിച്ചുള്ള നിരവധി സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ട്രെയിൻ റാഞ്ചുന്ന സംഭവങ്ങൾ വളരെ അപൂർവമായി മാത്രമാണ് സംഭവിക്കാറുള്ളത്. കൃത്യമായ ഒരു പാളത്തിലൂടെ ഓടുന്ന ട്രെയിൻ റാഞ്ചുക എന്നുള്ളത് ശ്രമകരമായതും ധാരാളം വെല്ലുവിളികൾ നിറഞ്ഞതുമായ ദൗത്യം ആയതിനാലാണ് ആരും അതിനു മുതിരാത്തത്. ലോക ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ട്രെയിൻ റാഞ്ചൽ സംഭവം ആണ് ചൈനയിലെ ബ്ലൂ എക്സ്പ്രസ്സ് റാഞ്ചൽ. ഒരുമാസം നീണ്ടുനിന്ന പ്രതിസന്ധികൾക്ക് ശേഷമാണ് അന്ന് ഈ ട്രെയിനിൽ ഉണ്ടായിരുന്ന മുന്നൂറോളം യാത്രക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞത്.
1923 മെയ് 6 ന് പുലർച്ചെ ആയിരുന്നു ലോകത്തെ തന്നെ നടുക്കിയ ഈ സംഭവം നടന്നത്. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ലിഞ്ചെങ് കൗണ്ടിക്ക് സമീപം ട്രെയിൻ പാളം തെറ്റിച്ചു കൊണ്ടായിരുന്നു കൊള്ളക്കാരുടെ ഒരു സംഘം ചരിത്രത്തിലെ ആദ്യത്തെ ട്രെയിൻ റാഞ്ചൽ സംഭവം നടപ്പിലാക്കിയത്. ലോകത്തിലെ ഏറ്റവും നൂതനമായ റെയിൽവേ എഞ്ചിനുകളിൽ ഒന്നായ ബ്ലൂ എക്സ്പ്രസ് ഷാങ്ഹായിൽ നിന്ന് ബീജിംഗിലേക്ക് പോകുമ്പോൾ ആയിരുന്നു ഈ റാഞ്ചൽ നടന്നത്. സംഭവസ്ഥലത്തിനോട് അടുക്കുമ്പോൾ തന്നെ സംശയാസ്പദമായ രീതിയിൽ നിരവധി പേർ ട്രെയിൻ പാളത്തിന് സമീപം മറഞ്ഞിരിക്കുന്നതായി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ദുരൂഹത തോന്നിയ അദ്ദേഹം ട്രെയിനിന്റെ വേഗത കുറയ്ക്കുകയും ചെയ്തു. എന്നാൽ ട്രെയിൻ ഓടിക്കൊണ്ടിരുന്ന പാളത്തിൽ അട്ടിമറി നടത്തിയായിരുന്നു കൊള്ളക്കാർ കാത്തിരുന്നിരുന്നത് എന്ന് അദ്ദേഹം അറിഞ്ഞില്ല. വൈകാതെ തന്നെ ട്രെയിൻ പാളം തെറ്റി. എന്നാൽ വലിയ അപകടം കൂടാതെ ട്രെയിൻ നിന്നതിനാൽ ആർക്കും ജീവഹാനി സംഭവിച്ചില്ല.
ട്രെയിൻ യാത്രക്കാരായ വിദേശികളായിരുന്ന സമ്പന്നരെ ലക്ഷ്യമിട്ടായിരുന്നു മുൻ ചൈനീസ് സൈനികരായിരുന്ന കൊള്ള സംഘത്തിന്റെ ഈ ട്രെയിൻ റാഞ്ചൽ. അമേരിക്കൻ ബിസിനസുകാരനായ ജോൺ ഡി റോക്ക്ഫെല്ലർ ജൂനിയറിന്റെ ഭാര്യാസഹോദരി, റോമേനിയെക്കാരനായ ഒരു കാർ ഡീലർ, ഷാങ്ഹായ് ഒപിയം കമ്പൈനുമായി ബന്ധമുള്ള ഒരു ഇറ്റാലിയൻ അഭിഭാഷകൻ എന്നിങ്ങനെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ അന്ന് കൊള്ളയടിക്കപ്പെട്ടു. കൊള്ളസംഘത്തെ എതിർത്ത ഒരു ബ്രിട്ടീഷ്-റൊമേനിയൻ യാത്രക്കാരനെ കൊള്ളക്കാർ വെടിവെച്ച് കൊലപ്പെടുത്തി. ട്രെയിൻ റാഞ്ചിയ ശേഷം യാത്രക്കാരായ വിദേശികളും ചൈനക്കാരും അടങ്ങുന്ന സംഘത്തെ കൊള്ളക്കാർ സമീപത്തെ ഒരു പർവ്വത പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ചൈനയിൽ വിദേശികൾ ആധിപത്യം പുലർത്തിയിരുന്ന കാലമായിരുന്നു അത്. പ്രാദേശിക മേഖലകളെ ഭരിച്ചിരുന്ന യുദ്ധപ്രഭുക്കളിൽ നിന്ന് നാട്ടുകാരായ ജനങ്ങൾ ക്രൂരമായ പീഡനങ്ങൾ നേരിട്ടിരുന്നു. വലിയ സാമ്പത്തിക അരക്ഷിതാവസ്ഥ ചൈനയെ വലയം ചെയ്തിരുന്നു. വിദേശികൾക്ക് രാജ്യത്ത് ഉണ്ടായിരുന്ന ചില പ്രത്യേക അവകാശങ്ങൾ മൂലം രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കപ്പെടുകയും തദ്ദേശീയരായ ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിയുകയും ചെയ്തു. യുദ്ധപ്രഭുക്കളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ഷാൻഡോംഗ് ഓട്ടോണമസ് ആർമിയുടെ ഭാഗമായിരുന്നു ട്രെയിൻ റാഞ്ചിയ കൊള്ളസംഘം.
ഇന്നത്തെ മൂല്യം അനുസരിച്ച് ഏകദേശം 1.5 മില്യൺ ഡോളർ മോചനദ്രവ്യം നൽകണമെന്നായിരുന്നു ട്രെയിൻ റാഞ്ചിയ സംഘം ഭരണകൂടത്തിനോട് ആവശ്യപ്പെട്ടത്. ബന്ദികൾ ആക്കപ്പെട്ടവരിൽ ഭൂരിഭാഗവും വിദേശികൾ ആയിരുന്നതിനാൽ ഒരു മാസത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം കൊള്ളസംഘത്തിന്റെ ആവശ്യം ഭരണകൂടത്തിന് അംഗീകരിക്കേണ്ടി വന്നു. ട്രെയിൻ റാഞ്ചിയ സംഘത്തിലുള്ളവർക്ക് മാപ്പ് നൽകണമെന്നും തിരികെ സൈന്യത്തിലേക്ക് എടുക്കണമെന്നും ഉള്ള ആവശ്യവും ഇവർ ഭരണകൂടത്തിന് മുന്നിൽ വച്ചിരുന്നു. വിദേശ പൗരന്മാരുടെ ജീവൻ വച്ച് കളിക്കാൻ ധൈര്യമില്ലാത്തതിനാൽ അന്ന് ചൈനീസ് ഭരണകൂടം ഈ റാഞ്ചൽ സംഘത്തിന് മുൻപിൽ അടിയറവ് പറഞ്ഞു. 37 ദിവസങ്ങൾ നീണ്ട തടവിനു ശേഷം എല്ലാവരെയും മോചിപ്പിച്ചു. റാഞ്ചൽ സംഘത്തിൽ ഉണ്ടായിരുന്നവരെ സൈന്യത്തിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. അങ്ങനെ ചരിത്രത്തിലെ ആദ്യത്തെ ട്രെയിൻ റാഞ്ചൽ സംഭവം സമാധാനപൂർണമായി പര്യവസാനിച്ചു. എന്നാൽ അടുത്ത ആറുമാസത്തിനുള്ളിൽ തന്നെ ട്രെയിൻ റാഞ്ചൽ സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരും സൈന്യത്തിൽ വച്ചുതന്നെ വെടിവെച്ചു കൊല്ലപ്പെട്ടു. എന്നാൽ അതിനകം തന്നെ ചൈനയെ കുറിച്ചുള്ള വിദേശരാജ്യങ്ങളുടെ അവമതിപ്പിനെ തുടർന്ന് ഭരണകൂടം വലിയ പ്രക്ഷുബ്ദാവസ്ഥ നേരിടേണ്ടിവന്നു. ട്രെയിൻ റാഞ്ചൽ പ്രതിസന്ധി അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിച്ചതിന്റെ പിറ്റേദിവസം തന്നെ അന്നത്തെ പ്രസിഡന്റ് ലി യുവാൻഹോങ്ങിന് സ്ഥാനമൊഴിയേണ്ടി വന്നു. അടുത്ത നാലുവർഷത്തിനുള്ളിൽ ചൈനയിൽ 9 പ്രസിഡണ്ടുമാർ മാറിമാറി വന്നു. അവരിൽ മൂന്ന് പേർ വെറും ഒരു മാസം മാത്രമായിരുന്നു രാജ്യം ഭരിച്ചത്. ചൈനയുടെ ഗതി മാറ്റിയ, ചൈനീസ് രാഷ്ട്രീയത്തിൽ കരിനിഴൽ വീഴ്ത്തിയ, ചൈനീസ് ചരിത്രത്തിലെ മറക്കാനാവാത്ത ഒരു സംഭവമായിരുന്നു 1923ൽ നടന്ന ആ ട്രെയിൻ റാഞ്ചൽ. അന്നത്തെ ചൈനയുടെ അതേ അവസ്ഥയാണ് ഇന്ന് ബലൂചിസ്ഥാനിലും നമുക്ക് കാണാൻ കഴിയുന്നത്.
Discussion about this post