ദിവസം ആരംഭിക്കുമ്പോൾ തുടങ്ങുന്ന ചായ മുതൽ രാത്രി കഴിക്കുന്ന അത്താഴം വരെ നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണ വസ്തുക്കളിൽ വലിയ അളവിൽ മായം കലർന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന ഓരോ പരിശോധന റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നത്. വികസ്വര രാജ്യങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലും ഭക്ഷണ വസ്തുക്കളിൽ മായം കലർത്തുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഈ ആധുനിക കാലത്ത് ഭക്ഷണത്തിലെ മായത്തിന്റെ അളവ് കൂടി വരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാവിലെ കുടിക്കുന്ന ചായ എടുത്താൽ തന്നെ പാലിലും തേയിലയിലും പഞ്ചസാരയിലും അടക്കം വലിയ രീതിയിലുള്ള മായമാണ് നമ്മുടെ ശരീരത്തിൽ എത്തുന്നത്. ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് ഭക്ഷണത്തിൽ മായം കലർത്താൻ ഉപയോഗിക്കുന്ന വസ്തുക്കൾ.
വേനൽക്കാലം ആരംഭിച്ചപ്പോൾ തന്നെ നാടെങ്ങും തണ്ണിമത്തനുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്ര വലിയ വിലയൊന്നും ഇല്ലാതെ ലഭിക്കുന്ന ഈ ഫലവർഗത്തിൽ പോലും രുചിയും നിറവും വർദ്ധിപ്പിക്കാനായി കടുത്ത രീതിയിൽ മായം കലർത്തുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അങ്ങനെ നമുക്ക് ചുറ്റിലും കാണുന്ന സർവ്വ ഭക്ഷണ വസ്തുക്കളിലും മായം ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്താനായി ഉപയോഗിക്കുന്ന വസ്തുവകകളെ കുറിച്ചും അവ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും കൂടുതലായി അറിയാം.
ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന ഉപ്പിൽ മുതൽ വിലകൂടിയ നാണ്യവിളകളിൽ വരെ മായം കലർത്തുന്നുണ്ട്. ചില സംസ്ഥാനസർക്കാരുകൾ ഇവ കൃത്യമായി പരിശോധിക്കുകയും പിടികൂടുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളിൽ ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നതിനെതിരെ യാതൊരു നടപടികളും ഇല്ല. ഉദാഹരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഉത്തർപ്രദേശിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മായം കലർന്ന ലോഡ് കണക്കിന് കുരുമുളക് ആണ് പിടിച്ചെടുത്തത്. പപ്പായയുടെ കുരുക്കൾ മിക്സ് ചെയ്താണ് ഈ കുരുമുളക് വിപണിയിൽ എത്തിച്ചിരുന്നത്. ഉത്തർപ്രദേശിലേക്ക് കുരുമുളക് കയറ്റി അയച്ചതാവട്ടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇത്തരത്തിൽ വില കൂടിയതോ കുറഞ്ഞതോ ആവട്ടെ എല്ലാ ഭക്ഷണ വസ്തുക്കളും നമുക്ക് സുരക്ഷിതമാണോ എന്നുള്ള കാര്യം ചിന്തിക്കേണ്ടതാണ്.
വേനൽക്കാലം ആരംഭിച്ചാൽ പിന്നെ വിപണിയിൽ പഴവർഗങ്ങളുടെ വൈവിധ്യമായിരിക്കും കാണാൻ കഴിയുക. ഇവയിൽ തണ്ണിമത്തനും മാങ്ങയും ഉൾപ്പെടെയുള്ളവ വലിയ രീതിയിൽ രാസവസ്തുക്കൾ ഉപയോഗിച്ചാണ് വിപണിയിൽ എത്തുന്നത്. പഴങ്ങൾ വേഗത്തിൽ പഴുക്കാൻ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു ആണ് മാങ്ങയിൽ പലപ്പോഴും വില്ലനാകുന്നത്. പച്ചക്കറികൾ ആണെങ്കിലോ കേടാകാതിരിക്കാനുള്ള രാസവസ്തുക്കൾ ആണ് മനുഷ്യന്റെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ദുരിതത്തിന് കാരണമാകുന്നത്.
പാലിലും തൈരിലും മായം കലർത്തുന്നതിനായി സ്റ്റാർച്ച് പൗഡർ മുതൽ കേടാകാതിരിക്കാനുള്ള രാസവസ്തുക്കൾ വരെ കലർത്തുന്നു. നെയ്യ്, വെണ്ണ എന്നിങ്ങനെയുള്ള പദാർത്ഥങ്ങളിൽ വിലകുറഞ്ഞ വനസ്പതി ആണ് മായമായി കലർത്തുന്നത്. ഈ വിലകുറഞ്ഞ വനസ്പതി തന്നെ മായം കലർന്നു വരുന്നതാണ്. പരുത്തിക്കുരുവിൽ നിന്നുള്ള എണ്ണ പോലും വനസ്പതിയിൽ മായം കലർത്തുന്നതിനായി ഉപയോഗിക്കുന്നുണ്ട് എന്നാണ് ചില പഠന റിപ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ ലഭിക്കുന്ന വിലകുറഞ്ഞ വനസ്പതിയാണ് പല ഹോട്ടലുകളിലും ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. അതായത് പല ഹോട്ടലുകളിൽ നിന്നും നമ്മൾ സ്വാദോടെ ആസ്വദിച്ച് കഴിക്കുന്ന ബിരിയാണി അടക്കമുള്ളവയിൽ യഥാർത്ഥ നെയ്യോ എണ്ണയോ കണികാണാൻ പോലും കിട്ടാറില്ല എന്നുള്ളതാണ് വാസ്തവം. ദഹന വ്യവസ്ഥയിലെ തകരാറുകളും വയറുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും ആണ് വിലകുറഞ്ഞ വനസ്പതി അടക്കമുള്ളവയുടെ ഉപയോഗം കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ.
തേയിലയിൽ മായം ചേർക്കുന്നതിനായി കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നു. കാപ്പിപ്പൊടിയുടെ കാര്യവും ഒട്ടും മോശമല്ല. പുളിങ്കുരു വറുത്തു പൊടിച്ചതാണ് വിലക്കുറവിൽ കിട്ടുന്ന പല കാപ്പിപ്പൊടികളിലും പ്രധാന ഘടകം. ചായയിലെയും കാപ്പിലെയും മായം കരളിനെ ബാധിക്കുന്നതും അതിസാരം അടക്കമുള്ള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നതാണ്. പഞ്ചസാരയിൽ പലപ്പോഴും മായത്തിനായി ചോക്കുപൊടി കലർത്തുന്നതായാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. കൂടാതെ പല പഞ്ചസാരകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും ബേക്കിംഗ് സോഡ, യൂറിയ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
പയർ വർഗ്ഗങ്ങളിൽ മായം കലർത്തുന്നതിന് രാസവസ്തുക്കൾ, ലെഡ് ക്രോമേറ്റ് എന്നിവയാണ് ഉപയോഗിക്കുന്നത്. ആമാശയത്തിനേയും കരളിനെയും ബാധിക്കുന്ന ഘടകങ്ങളാണ് ഇവ.
ഭക്ഷണ വസ്തുക്കളെ വിഷമുക്തമാക്കുമെന്ന് വിശ്വസിച്ച് നമ്മൾ ഉപയോഗിക്കുന്ന മഞ്ഞൾ പൊടിയിലും കടുത്ത രീതിയിൽ മായം കലരുന്നുണ്ട്. മെറ്റാനിൽ മഞ്ഞ ചായം, ആർസെനിക്, ലെഡ് ലോഹം എന്നിവയാണ് മഞ്ഞൾപൊടിയിൽ മായം കലർത്തുന്നതിനായി ഉപയോഗിക്കുന്നത്. ഉദര സംബന്ധമായ അസുഖങ്ങൾ മുതൽ ക്യാൻസർ വരെ ഉണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു. മുളകുപൊടിയിൽ ഇഷ്ടികപ്പൊടി മുതൽ റോഡാമൈൻ ബി ഡൈ, റെഡ് ലെഡ് എന്നിവ വരെ മായമായി ഉപയോഗിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദ്ദവും വയറിനുണ്ടാകുന്ന പ്രശ്നങ്ങളും മുതൽ ശരീരത്തിലെ വിവിധ ട്യൂമറുകൾക്ക് വരെ കാരണമാകുന്നതാണ് ഈ വസ്തുക്കൾ. മല്ലിപ്പൊടിയിൽ ആണെങ്കിൽ മരപ്പൊടിയാണ് മായമായി ഉപയോഗിക്കുന്നത് എന്നാണ് പരിശോധന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇനി ഇവയെല്ലാം പാചകം ചെയ്യാനായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ തുടങ്ങിയുള്ള സകല എണ്ണകളിലും മായം കണ്ടെത്തിയിട്ടുണ്ട്. വിലകുറഞ്ഞ മിനറൽ ഓയിലുകൾ മുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ വരെ ഭക്ഷ്യ എണ്ണകളിൽ മായം കലർത്തുന്നതിനായി ഉപയോഗിച്ചുവരുന്നു. ശരീരത്തിനുണ്ടാകുന്ന വിവിധ അലർജികൾ, പക്ഷാഘാതം, പിത്താശയ ക്യാൻസർ, എൽഡിഎൽ കൊളസ്ട്രോൾ വർദ്ധനവ് എന്നിവയാണ് മായം കലർന്ന എണ്ണകൾ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരം ഏറ്റുവാങ്ങേണ്ടി വരുന്ന ദുരിതങ്ങൾ.
പലപ്പോഴും വിലക്കുറവ് എന്ന ആകർഷണത്തോടെ ലഭിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ആണ് കടുത്ത രീതിയിൽ മായം കലരുന്നതായി കണ്ടെത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഉപഭോക്താക്കൾ വിലക്കുറവിന് പുറകെ പോകാതെ മികച്ച ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ ഓരോ സംസ്ഥാനങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പ് ആർജ്ജവത്തോടെ പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ ഭാവി തലമുറയെ വലിയ ദുരിതങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയുകയുള്ളൂ.
Discussion about this post