തിരുവനന്തപുരം; മയക്കുമരുന്ന് ഒഴുക്കിനെതിരെ എക്‌സൈസ് ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ഒരാഴ്ച കൂടി ദീർഘിപ്പിക്കും. മാർച്ച് 12 വരെ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും എക്‌സൈസ് മന്ത്രിയുടെ നിർദ്ദേശപ്രകാരം തുടരുകയായിരുന്നു. മയക്കുമരുന്നിനെതിരെ എക്‌സൈസിന്റെ എൻഫോഴ്‌സ്‌മെന്റ് നടപടികൾ കൂടുതൽ ഊർജിതമാക്കാൻ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദേശം നൽകി. സ്‌കൂൾ, കോളേജ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു
എട്ടു ദിവസം കൊണ്ട് 1.9 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചത്. മാർച്ച് 5 മുതൽ 12 വരെ എക്‌സൈസ് 3568 റെയ്ഡുകളാണ് ഡ്രൈവിന്റെ ഭാഗമായി നടത്തിയത്. ഇതിൽ പോലീസ്, വനം, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേർന്നുള്ള 50 സംയുക്ത പരിശോധനകളുമുണ്ട്. ഈ കാലയളവിൽ 33709 വാഹനങ്ങൾ പരിശോധിച്ചു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് എക്‌സൈസ് പിടിച്ചത്. ഈ കേസുകളിൽ 570 പേരെ പ്രതിചേർക്കുകയും ഇതിൽ 555 പേരെ പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു.
പ്രതികളിൽ നിന്ന് 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളാണ് എക്‌സൈസ് കണ്ടെടുത്തത്. സ്‌കൂൾ പരിസരത്ത് 998, ബസ് സ്റ്റാൻഡ് പരിസരത്ത് 282, ലേബർ ക്യാമ്പുകളിൽ 104, റെയിൽവേ സ്റ്റേഷനുകളിൽ 89 എന്നിങ്ങനെ പരിശോധനകൾ നടത്തിയിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു.
Discussion about this post