ഇസ്ലാമാബാദ്: ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യരുതെന്ന് ് കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിർദ്ദേശം നൽകി പാകിസ്താനിലെ പഞ്ചാബ് സർക്കാർ. പ്രവിശ്യയിലെ യുവതയ്ക്കിടയിൽ ബോളിവുഡ് ഗാനങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പഞ്ചാബിലെ സർക്കാർ- സ്വകാര്യ കോളേജുകൾക്കാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്ന കോളേജുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി മുഖാന്തിരം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഈ മാസം 12 നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്തിടെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇന്ത്യൻ ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ക്യാമ്പസുകളിലെ ഇത്തരം പ്രവൃത്തികളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് വിദ്യ നൽകുന്ന പവിത്രമായ സ്ഥലങ്ങളാണ് കോളേജുകൾ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഇനി നടക്കാൻ പാടില്ല. അതുകൊണ്ട് പഞ്ചാബ് പ്രവിശ്യയിലെ മുഴുവൻ സ്വകാര്യ- സർക്കാർ കോളേജുൾ ഇത്തരം പ്രവൃത്തികളിൽ നിന്നും വിട്ട് നിൽക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിൻസിപ്പാൾ, ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ കൃത്യമായി നിരീക്ഷക്കണം. എന്തെങ്കിലും കാരണവശ്ശാൽ ഉത്തരവ് ലംഘിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം മേൽപ്പറഞ്ഞ അധികാരികൾക്ക് ആയിരിക്കും. ഉത്തരവ് ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Discussion about this post