ചെന്നൈ: സംഗീതജ്ഞൻ എ. ആർ റഹ്‌മാൻ ആശുപത്രിയിൽ. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റഹ്‌മാന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ച് വേദനയും മറ്റ് ശാരീരിക വിഷമതയും നേരിട്ടതോടെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇസിജി, എക്കോകാർഡിയോഗ്രാം അടക്കമുള്ള പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കി. അദ്ദേഹത്തെ ആഞ്ജിയോഗ്രാമിന് വിധേയനാക്കുമെന്നാണ് വിവരം. വിദഗ്ധരായ ഡോക്ടർമാരുടെ സംഘത്തിന്റെ പരിചരണയിലാണ് റഹ്‌മാൻ ഉള്ളത്.
മണിരത്‌നം സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായ തഗ് ലൈഫ് എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചുവരികയാണ് റഹ്‌മാൻ. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരിക്കുന്നത്. ജൂൺ 10 നാണ് തഗ് ലൈഫ് തിയറ്ററുകളിൽ എത്തുക. കാതലിക്ക നേരമില്ലെ, ഛാവ എന്നിവയാണ് എ ആർ റഹ്‌മാന്റെ സംഗീത സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.
ലാഹോർ 1947, തേരെ ഇഷ്‌ക് മെയ്ൻ, രാമായണ സീരിസ്, രാം ചരണിന്റെ ആർ സി 16, ഗാന്ധി ടോക്‌സ് എന്നിവയാണ് റഹ്‌മാന്റെ ഇനിയുള്ള പ്രൊജക്ടുകൾ.
Discussion about this post