ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ ആണ് മോദി ആർഎസ്എസിനെ കുറിച്ച് വ്യക്തമാക്കിയത്. ജീവിതത്തിന്റെ തത്ത്വങ്ങളും മൂല്യങ്ങളും പഠിച്ചത് ആർഎസ്എസിൽ നിന്നുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എംഐടി ശാസ്ത്രജ്ഞനും എഐ ഗവേഷകനുമായ ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോഡ്‌കാസ്റ്റ് ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്.
ജീവിതം ലക്ഷ്യബോധമുള്ളതായത് ആർഎസ്എസിലൂടെ ആണെന്നാണ് പോഡ്കാസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വാധീനവും ഹിന്ദു ദേശീയതയും ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി പോഡ്കാസ്റ്റിൽ സംസാരിച്ചു. എങ്ങനെയാണ് ആർഎസ്‌എസിൽ ചേർന്നതെന്ന ഫ്രിഡ്മാന്റെ ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. “ഞങ്ങളുടെ ഗ്രാമത്തിൽ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു ശാഖ ഉണ്ടായിരുന്നു. അവിടെ ഞങ്ങൾ കായിക വിനോദങ്ങൾ കളിക്കുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ആർഎസ്എസിൽ നിന്നുള്ള ദേശഭക്തിഗാനങ്ങൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നത് ആയിരുന്നു. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കണം എന്ന ചിന്ത ഉണർത്തിയത് ഈ ദേശഭക്തിഗാനങ്ങളാണ്. അങ്ങനെയാണ് ഞാൻ ആർഎസ്‌എസിന്റെ ഭാഗമായി മാറിയത്.” എന്നാണ് പ്രധാനമന്ത്രി ഈ ചോദ്യത്തിന് മറുപടി നൽകിയത്.
തന്റെ ജീവിതത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതായും മോദി വ്യക്തമാക്കി. “നിങ്ങൾ എന്ത് ചെയ്താലും അത് ഒരു ലക്ഷ്യത്തോടെ ചെയ്യുക എന്നാണ് ആർഎസ്എസ് പഠിപ്പിക്കുന്നത്. പഠിക്കുമ്പോൾ പോലും, രാഷ്ട്രത്തിന് സംഭാവന നൽകാൻ വേണ്ടത്ര പഠിക്കുക എന്ന ലക്ഷ്യത്തോടെ പഠിക്കുക. നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ പോലും, രാഷ്ട്രത്തെ സേവിക്കുന്നതിന് നിങ്ങളുടെ ശരീരത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അത് ചെയ്യുക. ഇന്ന് ആർഎസ്എസ് 100-ാം വാർഷികത്തിലേക്ക് അടുക്കുകയാണ്. ഇത്രയും വലിയ ഒരു സന്നദ്ധ സംഘടന ലോകത്ത് മറ്റൊരിടത്തും നിലവിലില്ല എന്നുള്ളത് അഭിമാനകരമാണ്” എന്നും മോദി വ്യക്തമാക്കി.
സാമൂഹിക സേവനത്തെക്കുറിച്ച് ആർഎസ്എസ് നൽകുന്ന കാഴ്ചപ്പാട് വളരെ വലുതാണെന്നും മോദി അഭിപ്രായപ്പെട്ടു. ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്നാണ് ആർഎസ്എസ് പഠിപ്പിക്കുന്നത്. ആർഎസ്‌എസിനെ മനസ്സിലാക്കുന്നത് അത്ര ലളിതമല്ല. അതിന്റെ പ്രവർത്തനത്തിന്റെ സ്വഭാവം യഥാർത്ഥത്തിൽ മനസ്സിലാക്കാൻ ഒരാൾ കഠിനമായി തന്നെ ശ്രമിക്കേണ്ടതുണ്ട്. ആർഎസ്എസ് പോലെ ഒരു പവിത്രമായ സംഘടനയിൽ നിന്ന് ജീവിതത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന് കരുതുന്നു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post