ഐസ്വാൾ : ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സുരക്ഷാവേലി കെട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യംഗ് മിസോ അസോസിയേഷൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആയി നടത്തിയ കൂടിക്കാഴ്ചയിലാണ് മിസോറാമിലെ ഏറ്റവും വലിയ സിവിൽ സൊസൈറ്റി സംഘടനയായ യംഗ് മിസോ അസോസിയേഷൻ (വൈഎംഎ) ഇക്കാര്യം അഭ്യർത്ഥിച്ചത്.
സുരക്ഷാവേലി കെട്ടാനും ഫ്രീ മൂവ്‌മെന്റ് റെജിം (എഫ്‌എംആർ) പിൻവലിക്കാനുമുള്ള കേന്ദ്രത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് ഒരു നിവേദനം സമർപ്പിച്ചതായി സിവൈഎംഎ ജനറൽ സെക്രട്ടറി മാൽസോവ്‌ലിയാന അറിയിച്ചു.
എഫ്എംആർ നിർത്തലാക്കുന്നതും അന്താരാഷ്ട്ര അതിർത്തിയിൽ വേലി കെട്ടുന്നതും ഇന്ത്യയിലെയും മ്യാൻമറിലെയും വംശീയ മിസോകൾ തമ്മിലുള്ള സുപ്രധാനമായ വംശീയവും സാംസ്കാരികവുമായ ബന്ധങ്ങളെയും അവരുടെ ഉപജീവനമാർഗ്ഗത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് വൈഎംഎ ആശങ്ക ഉന്നയിക്കുന്നത്. ഇരു രാജ്യങ്ങളിലെയും മിസോ സമൂഹങ്ങൾക്കിടയിൽ വംശീയവും സാംസ്കാരികവുമായ ബന്ധങ്ങൾ നിലനിർത്തുന്നതിലും സാഹോദര്യം വളർത്തുന്നതിലും എഫ്എംആർ സുപ്രധാനമാണെന്ന് നിവേദനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മിസോറാം സന്ദർശനത്തിനിടയിൽ ആയിരുന്നു സംഘടന അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. മിസോറാമിലെ നാല് ലക്ഷത്തിലധികം അംഗങ്ങളെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിവിൽ സൊസൈറ്റി സംഘടനയാണിത്. മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് നിന്നുള്ള 40,000-ത്തിലധികം അഭയാർത്ഥികൾ നിലവിൽ മിസോറാമിൽ കഴിയുന്നുണ്ട്.
ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെയും അഭയാർത്ഥികളെയും പുനരധിവസിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിൽ നിന്നും സഹായം ഉണ്ടാകണമെന്നും യംഗ് മിസോ അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതോടൊപ്പം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ മിസോ ഭാഷ ഉൾപ്പെടുത്തുക, അതിർത്തി സുരക്ഷാ സേനയുടെ കീഴിൽ ഒരു മിസോ ബറ്റാലിയൻ സ്ഥാപിക്കുക, ലെങ്‌പുയി വിമാനത്താവളം നവീകരിക്കുക എന്നീ ആവശ്യങ്ങളും വൈഎംഎ ഉന്നയിച്ചിട്ടുണ്ട്. അതിർത്തി വേലി, എഫ്എംആർ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾക്കായി വൈഎംഎ പ്രതിനിധികളെ ഡൽഹിയിലേക്ക് അയയ്ക്കാൻ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post