ഇസ്ലാമാബാദ്: അജ്ഞാതരുടെ ആക്രമണത്തിൽ കൊടുംഭീകരൻ ഹാഫിസ് സയീദ് കൊല്ലപ്പെട്ടതായുള്ള അഭ്യൂഹം ശക്തമാകുന്നു. ഹാഫിസ് സയീദ് കൊല്ലപ്പെട്ടെന്നും, ഇക്കാര്യം പാകിസ്താൻ സർക്കാർ രഹസ്യമായി വയ്ക്കുകയാണെന്നുമാണ് സൂചന. ഇക്കാര്യം വ്യക്തമാക്കി നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
അനുയായിയും അനന്തിരവനുമായ അബു ഖത്തൽ കൊല്ലപ്പെട്ട ആക്രമണത്തിൽ ഹാഫിസ് സയീദിന് അതീവ ഗുരുതരമായി പരിക്കേറ്റുവെന്നാണ് സോഷ്യൽ മീഡിയ വഴി പുറത്തുവരുന്ന വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹാഫിസ് സയീദ് പിന്നീട് മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം പാക് സർക്കാർ മറച്ചുവയ്ക്കുകയാണെന്നും ആരോപണം ഉയരുന്നു്. ആക്രമണത്തിൽ ഹാഫിസ് കൊല്ലപ്പെട്ടതായി അഭ്യൂഹം ഉയർന്നിട്ടും പ്രതികരണവുമായി ഭീകര സംഘടനയോ പാക് സർക്കാരോ രംഗത്ത് എത്തിയിട്ടില്ല. ഇത് ഹാഫിസ് മരണപ്പെട്ടതായുള്ള അഭ്യൂഹം വർദ്ധിപ്പിച്ചിട്ടുണ്ട്.
അബു ഖത്തലിന്റെ മരണത്തിന് പിന്നാലെ ഹാഫിസ് സയീദ് എന്ന പേര് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. നിരവധി വ്‌ളോഗർമാർ ഹാഫിസ് കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിട്ടുള്ളത്. ഝലത്തിലേക്കുള്ള യാത്രാമദ്ധ്യേ അജ്ഞാത സംഘം ഹാഫിസിനെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് ചില വ്‌ളോഗർമാർ അവകാശപ്പെടുന്നത്. ചിലർ പറയുന്നത് ഗുരുതരമായി പരിക്കേറ്റ ഹാഫിസിനെ റാവൽപിണ്ടിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് ഹാഫിസ് കൊല്ലപ്പെട്ടത് എന്നാണ് മറ്റൊരു വ്‌ളോഗർ വ്യക്തമാക്കുന്നത്.
അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ് സമദ് യാഖൂബ് രംഗത്ത് എത്തിയിട്ടുണ്ട്. ഖത്തലിനൊപ്പം ഹാഫിസും കൊല്ലപ്പെട്ടുവെന്നാണ് യാഖൂബ് എക്‌സിൽ കുറിച്ചത്. അതേസമയം ഇത് ആദ്യമായിട്ടല്ല ഹാഫിസ് കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവരുന്നത്. മുൻകാലങ്ങളിലും സമാനമായ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.
Discussion about this post