അയോധ്യയിലെ രാമ ജന്മഭൂമിയിൽ ശ്രീരാമക്ഷേത്രം നിർമ്മിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകിയ അന്നുമുതൽ ചില പ്രത്യേക ഭാഗങ്ങളിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് അയോധ്യയിൽ ക്ഷേത്രം പണിതാൽ നാട്ടിലെ പട്ടിണി മാറുമോ എന്നുള്ളത്. അയോധ്യയിൽ ശ്രീരാമ ക്ഷേത്രം പണിതത് കൊണ്ട് രാജ്യത്തിന് എന്ത് ഗുണമാണ് ഉണ്ടായത് എന്നുള്ള കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ് ഇപ്പോൾ രാമജന്മഭൂമി തീർത്ഥക്ഷേത്രം. രാജ്യത്തിന്റെ നികുതി വരുമാനത്തിലേക്ക് ഇതുവരെ 400 കോടി രൂപയാണ് അയോധ്യ രാമക്ഷേത്രം സംഭാവന ചെയ്തിരിക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ട റെക്കോർഡ് തുകയാണ് ഇത്.
രാമക്ഷേത്ര നിർമ്മാണം അയോധ്യയുടെ മതപരമായ ഭൂപ്രകൃതിയെ മാത്രമല്ല ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി അയോധ്യ രാമക്ഷേത്രം മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാമ ക്ഷേത്ര ട്രസ്റ്റ് ഏകദേശം 400 കോടി രൂപ നികുതിയായി സർക്കാരിലേക്ക് അടച്ചിട്ടുണ്ട്. ഇതിൽ 272 കോടി രൂപ ജിഎസ്ടിയും 39 കോടി രൂപ റോയൽറ്റിയുമായാണ് അടച്ചിട്ടുള്ളത്. കൂടാതെ 7.4 കോടി രൂപ ലേബർ ഫണ്ടിലേക്കും 4 കോടി രൂപ ഇൻഷുറൻസ് പോളിസികൾക്കും നികുതിയായി അടച്ചിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര ഖജനാവുകൾക്ക് ഗണ്യമായ സംഭാവനയാണ് ഈ നികുതിവഴി അയോധ്യ രാമക്ഷേത്രം നൽകിയിരിക്കുന്നത്.
ക്ഷേത്രനിർമ്മാണത്തിന്റെ ആരംഭഘട്ടം മുതൽ തന്നെ ഭൂമി രജിസ്ട്രേഷൻ, മാപ്പ് ക്ലിയറൻസ്, റവന്യൂ നികുതി എന്നിവയ്ക്കായി ട്രസ്റ്റ് 5 കോടി രൂപ ചെലവഴിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ആയി 29 കോടി രൂപയാണ് ട്രസ്റ്റ് സർക്കാരിലേക്ക് നൽകിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ നിർമ്മാണ സമയത്തെ വൈദ്യുതി ബിൽ മാത്രം 10 കോടി രൂപയാണ് അടച്ചിട്ടുള്ളത്. നിലവിൽ ദിവസം തോറും വലിയ ഭക്തജന തിരക്കാണ് അയോധ്യ രാമക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അഞ്ചു കോടിയിലേറെ ഭക്തർ രാമക്ഷേത്രത്തിൽ ദർശനം നടത്തി. മഹാകുംഭമേള സമയത്ത് മാത്രമായി ഒരു കോടിയിലേറെ ഭക്തരാണ് രാമക്ഷേത്രത്തിൽ എത്തിയിരുന്നത്. ഇന്ന് ഉത്തർപ്രദേശിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക ഭൂപടത്തിൽ ഒരു സുപ്രധാനസ്ഥാനമായി മാറിയിരിക്കുകയാണ് അയോധ്യ രാമക്ഷേത്രം.
Discussion about this post