ആലപ്പുഴ: അരൂരിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ച വിദ്യാർത്ഥിയും സംഘവും അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർത്ഥിയും മറ്റ് രണ്ട് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. വീട്ടിൽ നിന്നും 12 കഞ്ചാവ് ചെടികൾ കണ്ടെത്തി.
വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ വീട്ടിൽ എത്തി പരിശോധന നടത്തുകയായിരുന്നു. ചന്തിരൂരിലെ വീട്ടിൽ ആയിരുന്നു കഞ്ചാവ് ചെടി വളർത്തൽ. ഇവിടെ നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു. ഇതോടെ അറസ്റ്റും രേഖപ്പെടുത്തി.
ചെറിയ പ്ലാസ്റ്റിക് കുപ്പികൾ മുറിച്ചതിന് ശേഷം ഇതിൽ കഞ്ചാവിന്റെ വിത്ത് പാകുകയായിരുന്നു. ഇത് മുളച്ച് ഉണ്ടായ ചെടിയ്ക്ക് 12 സെന്റീമീറ്റർ നീളമുണ്ട്. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കും വേണ്ടിയാണ് ഇവർ ചെടി നട്ടുവളർത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായവരുടെ പക്കൽ നിന്നും ഹാഷിഷ് ഓയിലും പിടികൂടി.
അരൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ജി പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പ്രതികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. കഞ്ചാവ് ചെടിയുടെ വിത്തുകൾ ഇവർക്ക് എവിടുന്ന് ലഭിച്ചു എന്നതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post