താമരശേരിയിൽ ലഹരിയ്ക്ക് അടിമയായ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയാണ് കൊല്ലപ്പെട്ടത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കിയാണ് ഭർത്താവ് യാസിർ കൊലപ്പെടുത്തിയത്. മൂന്ന് വയസുകാരിയായ മകളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം.
ഇവർ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. നാല് വർഷത്തോളമാണ് പ്രണയിച്ചത്. തുടക്കം മുതൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പ്രണയിച്ച് കല്യാണം കഴിച്ചതിനാൽ വീട്ടുകാരോട് വിവരങ്ങൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഒരു മാസം മുൻപ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് ബന്ധുകൾ ആരോപിച്ചു .
ഭാര്യയെ തന്നിൽ നിന്ന് അകറ്റിയത് ഭാര്യയുടെ അച്ഛനാണ് എന്നാണ് ഇയാൾ വിചാരിച്ചിരുന്നത്. ഭാര്യ പിതാവിനെ കൊല്ലാനായാണ് പുതിയ കത്തിയുമായി യാസീർ വീട്ടിലേക്ക് എത്തിയത്. ഭാര്യയെ കൊല്ലണം എന്ന് വിചാരിച്ചിരുന്നില്ല. കാരണം അത്രയ്ക്കും ഇഷ്ടമായിരുന്നു അവളെ എന്നാണ് യാസിർ പറയുന്നത്. എന്നാൽ ആക്രമണ സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ല. നോമ്പുതുറ സമയത്ത് എത്തിയായിരുന്നു കൊലപാതകം.
ഇന്നലെ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്ത് മണിയോടെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കും. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഷിബിലയുടെ ഉമ്മ ഹസീനയുടെ ആരോഗ്യനില തൃപ്തികരണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവരെ വാർഡിലേക്ക് മാറ്റി.
Discussion about this post