എറണാകുളം: ആലുവയിൽ വിദ്യാർത്ഥിയെ കാണാതായി. കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫിനെയാണ് കാണാതെ ആയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആലുവ എസ്എൻഡിപി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അൽത്താഫ്.
ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതെ ആയത്.രാത്രി ചായ കുടിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത് ആയിരുന്നു അൽത്താഫ്. എന്നാൽ ഏറെ നേരമായിട്ടും വീട്ടിലേക്ക് തിരിച്ചെത്തിയില്ല. കുട്ടിയുടെ കയ്യിൽ ഫോൺ ഉണ്ട്. ഇതിൽ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പരിസരത്ത് തിരച്ചിൽ നടത്തി. ഈ ശ്രമവും ഫലം കാണാതിരുന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ കൈവശമുള്ള മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുട്ടി ചെല്ലാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
സാമ്പത്തികമായോ മറ്റു തരത്തിലോ കുട്ടിയ്ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. കുട്ടിയ്ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്നത് അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ വീട്ടുകാരുടെയും സ്‌കൂൾ അധികൃതരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post