കാസർകോട്: വീട്ടുപറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുഴിച്ചിട്ട നിലയിൽ മദ്യക്കുപ്പികൾ കിട്ടി. പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് മൈമാ പരിസരത്ത് ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയോടെയായിരുന്നു തൊഴിലാളികൾ പരിസരം വൃത്തിയാക്കാൻ എത്തിയത്. ആൾപെരുമാറ്റം ഇല്ലാത്ത സ്ഥലമായിരുന്നതിനാൽ കാട് മൂടി കിടന്നിരുന്നു. ഇത് വെട്ടിത്തെളിക്കുന്നതിനിടെ സഞ്ചികൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് എടുത്തു നോക്കിയപ്പോഴാണ് മദ്യം കണ്ടത്. ഉടനെ ഇവർ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. പകുതി മണ്ണിനടിയിൽ ആയ നിലയിൽ ആയിരുന്നു മദ്യക്കുപ്പികൾ കുഴിച്ചിട്ടത്.
23 മദ്യ കുപ്പികൾ ആണ് സഞ്ചിയിൽ ഉണ്ടായിരുന്നത്. ഇതിൽ 18 എണ്ണത്തിൽ പകുതി മദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി കുപ്പികൾ പൊട്ടിച്ചിരുന്നില്ല. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയായിരന്നു. പോലീസിന്റെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ മുഴുവൻ മദ്യവും തൊഴിലാളികൾ ഒഴുക്കി കളഞ്ഞു.
ആൾത്താമസം ഇല്ലാത്ത വീടിന്റെ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളം ആണെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റ് പ്രദേശങ്ങളിൽ നിന്നും ഇവിടേയ്ക്ക് കാറുകളിലും ബൈക്കുകളിലുമായി അപരിചിതർ എത്താറുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പ്രതികളെ കണ്ടെത്താൻ പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.
Discussion about this post