ന്യൂയോർക്ക്: ഹമാസ് അനുകൂല പ്രചാരണം നടത്തിയ ഇന്ത്യൻ ഗവേഷകൻ അമേരിക്കയിൽ അറസ്റ്റിൽ. ജോർജ് ടൗൺ സർവ്വകലാശാലയിലെ ബദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്. ഇയാളെ നാടുകടത്തും.
തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റുണ്ടായത് എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വിർജീനിയയിൽ താമസിക്കുന്ന ഇയാളെ വീട്ടിൽ എത്തിയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇമിഗ്രേഷൻ വിഭാഗവും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ആയിരുന്നു ബദർ ഖാൻ ഹമാസ് അനുകൂല പ്രചാരണം നടത്തിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾക്കെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിൽ ഇയാൾക്ക് ഭീകരവാദ സംഘടനയുമായി ബന്ധമുള്ളതായി വ്യക്തമായി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലാഫ്‌ളിൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് ആശയങ്ങളുടെ സജീവ വക്താവായ ഇയാൾക്ക് ഭീകര സംഘടനയിലെ ഉപദേഷ്ടാവായ ഭീകരനുമായി അടുത്തബന്ധം ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ട്രീഷ്യ എക്‌സിൽ കുറിച്ചു. മാർച്ച് 15 ന് സ്റ്റേറ്റ് സെക്രട്ടറി അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചുവെന്നും അവർ ഒപ്പം കുറിച്ചിട്ടുണ്ട്.
ജോർജ്ടൗൺ സർവ്വകലാശാലയിലെ എഡ്മണ്ട് എൽ വാൽഷ് സ്‌കൂൾ ഓഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആണ് ബദർ ഖാൻ. കഴിഞ്ഞ ദിവസം ഹമാസ് അനുകൂല നിലപാടിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥിനിയുടെ വിസ റദ്ദാക്കി അമേരിക്ക തിരികെ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടെ ഉണ്ടാകുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥിനിയെ ആണ് അമേരിക്ക വിസ റദ്ദാക്കി തിരികെ അയച്ചത്.
Discussion about this post