ജയ്പൂർ : 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിനെ നയിക്കാനുള്ള അവസരം സ്വന്തമാക്കി റിയാൻ പരാഗ്. മലയാളി താരം സഞ്ജു സാംസണിന് പകരമായാണ് റിയാൻ പരാഗ് രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ ആകുന്നത്. ഐപിഎൽ ലേലത്തിൽ 14 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് റിയാൻ പരാഗിനെ സ്വന്തമാക്കിയിരുന്നത്. ഈ വർഷത്തെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആണ് രാജസ്ഥാൻ റോയൽസ് നേരിടുന്നത്.
2025 ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ആയിരിക്കും റിയാൻ പരാഗ് രാജസ്ഥാൻ റോയൽസ് ടീമിനെ നയിക്കുക. ക്യാപ്റ്റൻ ആയ സഞ്ജു സാംസൺ പരിക്കിൽ നിന്നും പൂർണമായും മുക്തനാവാത്തതിനാലാണ് പരാഗിന് ഈ അവസരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ ആയിരുന്നു സഞ്ജു സാംസണിന് പരിക്കേറ്റിരുന്നത്. വലതുകൈയുടെ വിരലിന് ആണ് പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു.
പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാകാൻ ഏതാനും ദിവസങ്ങൾ കൂടി സമയം എടുക്കുമെന്നതിനാൽ ആദ്യ മൂന്നു മത്സരങ്ങളിൽ സഞ്ജു സാംസൺ ബാറ്റ്സ്മാൻ മാത്രമായിട്ട് ആയിരിക്കും മത്സരത്തിൽ പങ്കെടുക്കുക. അടുത്തിടെ അദ്ദേഹം രാജസ്ഥാൻ റോയൽസിന്റെ പരിശീലന ക്യാമ്പിൽ പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ ടീം മാനേജ്മെന്റ് ഇപ്പോഴും അദ്ദേഹത്തിന്റെ ഫിറ്റ്നസിൽ ജാഗ്രത പാലിക്കുകയും വിക്കറ്റ് കീപ്പിംഗിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ഇന്നിംഗ്‌സ് ഓപ്പണർമാരായി കളിക്കും എന്നാണ് നിലവിൽ രാജസ്ഥാൻ റോയൽസ് ടീം വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post