ഹൈദരാബാദ് : ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തതിന് പ്രകാശ് രാജ് അടക്കം മൂന്ന് സൂപ്പർതാരങ്ങൾക്കെതിരെ കേസ്. പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നീ സൂപ്പർതാരങ്ങൾക്കെതിരെയാണ് തെലങ്കാന പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നീ താരങ്ങൾ ഉൾപ്പെടെ മറ്റ് 25 പേർക്കെതിരെയും ഹൈദരാബാദ് പോലീസ് കേസെടുത്തിട്ടുണ്ട്.
ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തതിന് പ്രധാനമായും സിനിമാതാരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ താരങ്ങൾക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ആണ് ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രചരിപ്പിച്ചതിന്റെ പേരിൽ കേസിൽപ്പെട്ടിരിക്കുന്നത്.
ഹൈദരാബാദിലെ വെസ്റ്റ് സോൺ പോലീസ് ഇവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു.
ചൂതാട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും, പ്രത്യേകിച്ച് 1867-ലെ പൊതു ചൂതാട്ട നിയമത്തിന്റെയും നേരിട്ടുള്ള ലംഘനമാണ് സിനിമ, സോഷ്യൽ മീഡിയ താരങ്ങൾ നടത്തിയിരിക്കുന്നത് എന്ന് പോലീസ് വ്യക്തമാക്കി. ഓൺലൈൻ ചൂതാട്ടം ജനങ്ങളിൽ ആസക്തി വർദ്ധിപ്പിക്കുന്നതാണ്. ഇത് വ്യക്തിക്കും സമൂഹത്തിനും വലിയ ദോഷം ഉണ്ടാക്കുകയും ചെയ്യുന്നു. അടുത്തകാലത്തായി നിരവധി യുവാക്കളാണ് ഇത്തരം ഓൺലൈൻ വാതുവെപ്പ് ആപ്പുകളുടെ കെണിയിൽ വീണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി ആത്മഹത്യ ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ ഇത്തരം ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുന്നതാണ്.
ഓൺലൈൻ ചൂതാട്ട ആപ്പുകൾ വഴി ധാരാളം പണം സമ്പാദിക്കാമെന്ന് പറഞ്ഞുകൊണ്ട് തൊഴിലില്ലാത്തതും ഉള്ളതുമായ യുവാക്കൾക്ക് തെറ്റായ പ്രതീക്ഷകൾ നൽകുകയാണ് പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ചെയ്യുന്നതെന്ന് ഹൈദരാബാദ് പോലീസ് വ്യക്തമാക്കി. പ്രത്യേകിച്ചും ഇമ്രാൻ ഖാൻ എന്ന യൂട്യൂബർ അധാർമികവും അശ്ലീലവുമായ വീഡിയോകൾ പ്രചരിപ്പിക്കുന്നതിനായി കൊച്ചു കുട്ടികളെ പോലും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പോലീസ് സൂചിപ്പിച്ചു. യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ബെറ്റ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. ബിസിനസുകാരനായ ഫണീന്ദ്ര ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിലെ മിയാപൂർ പോലീസ് സ്റ്റേഷനിൽ ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രചാരണത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post