ന്യൂഡൽഹി : കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി 54,000 കോടി രൂപയുടെ മൂലധന ഏറ്റെടുക്കൽ നിർദ്ദേശങ്ങൾ അംഗീകരിച്ച് പ്രതിരോധ കൗൺസിൽ. ഇന്ത്യൻ സൈന്യത്തിന്റെ ആയുധങ്ങളുടെയും എഞ്ചിനുകളുടെയും നവീകരണവും സംഭരണവും ലക്ഷ്യമിട്ട് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ആണ് പ്രതിരോധ കൗൺസിൽ അംഗീകരിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് 54,000 കോടിയിലധികം രൂപയുടെ എട്ട് മൂലധന ഏറ്റെടുക്കൽ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
സൈന്യത്ത്തിന്റെ T-90 ടാങ്കുകളിലെ നിലവിലുള്ള 1,000 HP എഞ്ചിനുകൾ നവീകരിക്കുന്നതിനായി 1,350 HP എഞ്ചിനുകൾ വാങ്ങാൻ പ്രതിരോധ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യൻ നാവികസേനയ്ക്കായി, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കപ്പൽ വിക്ഷേപണ വിരുദ്ധ അന്തർവാഹിനി ആയുധമായ വരുണാസ്ത്ര ടോർപ്പിഡോകൾ വാങ്ങുന്നതിനാണ് മറ്റൊരു അനുമതി നൽകിയിട്ടുള്ളത്. അന്തർവാഹിനി ഭീഷണികളെ നേരിടുന്നതിൽ നാവികസേനയുടെ കഴിവുകളെ ശക്തിപ്പെടുത്തുന്ന വരുണാസ്ത്ര ടോർപ്പിഡോകൾ
നേവൽ സയൻസ് & ടെക്നോളജിക്കൽ ലബോറട്ടറി ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയ്ക്കായി എയർബോൺ ഏർലി വാണിംഗ് & കൺട്രോൾ വിമാന സംവിധാനങ്ങൾ ഏറ്റെടുക്കുന്നതിനും ഇന്ന് നടന്ന യോഗത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഫോഴ്‌സ് മൾട്ടിപ്ലയറുകളായി പ്രവർത്തിക്കുന്ന നൂതന നിരീക്ഷണ വിമാനങ്ങൾ ആണിവ. 2025-നെ ‘പരിഷ്കാരങ്ങളുടെ വർഷമായി’ ആഘോഷിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ സംരംഭത്തിന്റെ ഭാഗമായിട്ടാണ് പുതിയ മൂലധന ഏറ്റെടുക്കൽ പ്രക്രിയകൾ കാര്യക്ഷമമാക്കാൻ പ്രതിരോധ കൗൺസിൽ ലക്ഷ്യമിടുന്നത്.
Discussion about this post