ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ 10 ഭീകരരും സൈനിക ക്യാപ്റ്റനും കൊല്ലപ്പെട്ടു. ഖൈബർപക്ത്വൻഖയിലെ ദേരാ ഇസ്മയിൽ ഖാൻ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. താലിബാൻ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന.
ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത് എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തതായാണ് പാകിസ്താൻ സൈന്യം അവകാശപ്പെടുന്നത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്തിയ ഭീകര സംഘത്തെയാണ് സൈന്യം കൊലപ്പെടുത്തിയത് എന്നാണ് പാകിസ്താൻ ഇന്റർസർവ്വീസസ് പബ്ലിക് റിലേഷൻസ് അറിയിക്കുന്നത്. രാജ്യത്ത് നിന്നും ഭീകരവാദം തുടച്ച് നീക്കുന്നതിന് വേണ്ടിയാണ് പട്ടാളത്തിന്റെ പ്രവർത്തനം. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ ധീരനായ കമാൻഡർ ഹസ്‌നൈന് ആണ് മരിച്ചതെന്നും ഐഎസ്പിആർ വ്യക്തമാക്കി.
2021 ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഖൈബർ പക്തുൻക്വ, ബലൂചിസ്താൻ എന്നീ അതിർത്തികൾ വഴി പാകിസ്താനിലേക്ക് ഭീകരർ നുഴഞ്ഞുകയറുന്നുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കണക്കുകൾ പരിശോധിച്ചാൽ രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങളിൽ മറ്റും 42 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അടുത്തിടെ 74 ഭീകരാക്രമണങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ഇതിൽ 91 മരണം സംഭവിച്ചു. 35 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടിട്ടുള്ളത്.
Discussion about this post