ലണ്ടൻ : ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിൽ തീപ്പിടിത്തം. ഇതേ തുടർന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളം അടച്ചു. മാർച്ച് 21-ന് അർദ്ധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിപ്പ്. ആയിരത്തിലധികം വിമാനങ്ങളുടെ സർവീസിനെ ബാധിച്ചേക്കുമെന്നാണ് വിവരം.
ലണ്ടനിലെ ഹെല്ലിങ്ടൺ ബറോയിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു തീപ്പിടിത്തമുണ്ടായത്. സബ്സ്റ്റേഷനിലെ തീപ്പിടിത്തത്തെത്തുടർന്ന് 16,000-ത്തിലധികം വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.
വരും ദിവസങ്ങളിൽ കാര്യമായ തടസ്സങ്ങൾ പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃർ പറഞ്ഞു. വിമാനത്താവളത്തിൽ ആയിരത്തിലധികം പേർ കുടുങ്ങി കിടക്കുന്നു എന്നാണ് റിപ്പോർട്ട്. തീപിടിത്തതിന് കാരണം എന്താണ് എന്ന് വ്യക്തമല്ല. യാത്രക്കാർ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ നിർദേശം നൽകി.
Discussion about this post