കോട്ടയം: ലഹരി സംഘങ്ങളുടെ ആക്രമണത്തിൽ നിന്നും പോലീസുകാർക്കും രക്ഷയില്ല. കടപ്ലാമറ്റ് വയലായിൽ പോലീസുകാരെ ലഹരി സംഘം ആക്രമിച്ചു. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്‌റ്റേഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യാംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്. ലഹരി ഉപയോഗിച്ച ശേഷം ഇവർ സ്ഥലത്ത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികളായ ചിലർ വിവരം പോലീസിനെ അറിയിച്ചു. ഇതോടെ ഇവരെ പിടികൂടാൻ പോലീസ് എത്തുകയായിരുന്നു.
ഇവരെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ഇതോടെ കൂടുതൽ പോലീസ് എത്തി പ്രതികളെ ബലംപ്രയോഗിച്ച് കീഴടക്കി. കസ്റ്റഡിയിൽ ആയ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
Discussion about this post