കേരളത്തിലെ ഇസ്ലാം മതം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സാമൂതിരി കുടുംബത്തോടൊപ്പമാണെന്ന് ഡോ.കെഎസ് രാധാകൃഷ്ണൻ. ഹിന്ദുമതത്തെയും ഹിന്ദുക്കളെയും കഠിനമായി ദ്രോഹിച്ചുകൊണ്ട് ഇസ്ലാം മതം പ്രചരിപ്പിക്കാനായി അക്ഷീണം പ്രവർത്തിച്ച പാരമ്പര്യം സാമൂതിരി കുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുമതത്തെ വഞ്ചിച്ച സാമൂതിരിയുടെ പണത്തോടുള്ള ആക്രാന്തം സാമൂതിരിയുടെ അധികാരപരിധിയിലെ കടലോരത്തു വസിക്കുന്ന ഹൈന്ദവ മുക്കുവരെ ഇസ്ലാമാക്കിയെന്ന് അദ്ദേഹം വിമർശിച്ചു. ആഗോള ഇസ്ലാമീകരണത്തിനായി പണിയെടുക്കുന്നവർ ആ കുടുംബത്തെ സമാദരിക്കുക തന്നെ വേണമെന്ന് അദ്ദേഹം പരിഹസിച്ചു.സോഷ്യൽമീഡിയയിലൂടെയാണ് ഈ വിമർശനം.
കുറിപ്പിന്റെ പൂർണരൂപം
അറബിയുടെയും ഒട്ടകത്തിൻ്റെയും കഥയിലെ ഒട്ടകമാണ് ഇസ്ലാം മതം. ഹിന്ദുമതത്തെ വഞ്ചിച്ച സാമൂതിരിയുടെ പണത്തോടുള്ള ആക്രാന്തം സാമൂതിരിയുടെ അധികാരപരിധിയിലെ കടലോരത്തു വസിക്കുന്ന ഹൈന്ദവ മുക്കുവരെ ഇസ്ലാമാക്കി.
കോഴിക്കോട്, കുറ്റിച്ചിറ, മിഷ്കൽ പള്ളിയുടെ ഭരണാധികാരികൾ, ഖാസിയുടെ നേതൃത്വത്തിൽ, സാമൂതിരിയുടെ അനന്തരാവകാശികളെ സന്ദർശിച്ചു നന്ദി അറിയിക്കുന്നു. കേരളത്തിലെ ഇസ്ലാം മതം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സാമൂതിരി കുടുംബത്തോടാണ്. ഹിന്ദുമതത്തേയും ഹിന്ദുക്കളെയും കഠിനമായി ദ്രോഹിച്ചുകൊണ്ട് ഇസ്ലാം മതം പ്രചരിപ്പിക്കാനായി അക്ഷീണം പ്രവർത്തിച്ച പാരമ്പര്യം സാമൂതിരി കുടുംബത്തിന് അവകാശപ്പെട്ടതാണ്. അതുകൊണ്ട്, ആഗോള ഇസ്ലാമീകരണത്തിനായി പണിയെടുക്കുന്നവർ ആ കുടുംബത്തെ സമാദരിക്കുക തന്നെ വേണം.
1510ൽ പോർച്ചുഗീസ് സൈന്യം അഫോൻസ ഡി അൽ ബുഖർക്കിൻ്റെ നേതൃത്വത്തിൽ മിഷ്കൽ പള്ളി ആക്രമിച്ച് പള്ളിക്ക് തീയിട്ടു. അപ്പോൾ സാമൂതിരി 500 നായർ പടയാളികളെ നിയോഗിച്ചു പള്ളി സംരക്ഷിച്ചു. ഭാഗികമായി കത്തിനശിച്ച പള്ളി അതേ രീതിയിൽ പുനരുദ്ധരിക്കുകയും ചെയ്തു. ഈ ചരിത്ര സംഭവത്തിൻ്റെ നന്ദിസൂചകമായി മഹൽ കമ്മറ്റിക്കാർ സാമൂതിരിയുടെ അനന്തരാവകാശികളെ സന്ദർശിക്കുന്നു. ഇത്, മതസൗഹാർദ്ദത്തിൻ്റെ ഉത്തമ മാതൃകയാണെന്നു ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പ്രശംസിച്ചിരിക്കുന്നു. മതസൗഹാർദ്ദം വരുന്ന ഒരോരൊ വഴികൾ നമ്മൾ കാണാതിരിക്കരുത്.
പേർഷ്യൻ കച്ചവടക്കാരനും ഇസ്ലാം മതവിശ്വാസിയുമായ ഒരു മിഷ്കൽ സ്ഥാപിച്ചതാണ് പള്ളി. പേർഷ്യൻ – കേരള വാസ്തുശില്പകലയുടെ രസാവഹമായ സങ്കലനമാണ് ഈ നാല് നില പള്ളി. തേക്ക് തടിയിൽ പണിത 24 തൂണുകളും 47 വാതിലുകളും സവിശേഷ ശ്രദ്ധ അർഹിക്കുന്നു. മിഷ്കൽ ഒരേ സമയം മത പ്രചാരകനും കച്ചവടക്കാരനുമായിരുന്നു. 400 പേർക്ക് ഒരുമിച്ചിരുന്നു പ്രാർത്ഥിക്കാവുന്ന വലിയ ഹാളും പള്ളിയിലുണ്ട്. അക്കാലത്ത് തന്നെ ആ പള്ളിയിൽ കൊള്ളാൻ കഴിയുന്നത്ര മുസ്ലിങ്ങൾ അവിടെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ഈ പള്ളി പണിയാനും ഒത്താശ ചെയ്തത് സാമൂതിരിയായിരുന്നു.
പോർച്ചുഗീസുകാരും കേരളത്തിലെ മുസ്ലിം അറബികളും തമ്മിൽ കേരളത്തിൽ നടന്നത് പ്രധാനമായും വ്യാപാര യുദ്ധമാണ്. പോർച്ചുഗീസ് ക്രൈസ്തവർക്ക് ഇസ്ലാം മതത്തോട് കുരിശുദ്ധ കാലം മുതൽ ശത്രുതയും ഉണ്ടായിരുന്നു എങ്കിലും മതത്തെക്കാൾ ഉപരിയായി കച്ചവട താല്പര്യങ്ങളാണ് ഇവർ തമ്മിലുള്ള സ്പർദ്ധയുടെ കാതൽ. ഈ രണ്ടു കാരണങ്ങളും അൽ ബുഖർക്കിൻ്റെ പള്ളി ആക്രമണത്തിൻ്റെ പിന്നിൽ ഉണ്ടായിരുന്നു. പോർച്ചുഗീസ് – അറബി വ്യാപാര യുദ്ധത്തിൽ സാമൂതിരി, അറബി മുസ്ലിം പക്ഷം ചേർന്നിരുന്നു. മലബാറിൽ, ഇസ്ലാം മതം പ്രചുരമായി പ്രചാരണം നേടാനുള്ള കാരണം സാമൂതിരിയുടെ നയപരിപാടികളായിരുന്നു. സാമൂതിരിമാർ അക്കാലത്ത് ഇസ്ലാം മത സേവകരായിരുന്നു.
കുഞ്ഞാലി മരക്കാരുടെ നാവികസേന യഥാർത്ഥത്തിൽ മുസ്ലിം സേനയായിരുന്നു. അമുസ്ലീംങ്ങളെ സേനയിൽ ഉൾപ്പെടുത്താൻ കുഞ്ഞാലിക്ക് മടിയായിരുന്നു. നാവികസേനയായതുകൊണ്ട് കടൽ കണ്ടാൽ പേടി ഉണ്ടാകാത്തവരാകണം സേനാംഗങ്ങൾ. അതുകൊണ്ട്, മുസ്ലീംങ്ങളായ മുക്കുവരെ ലഭിക്കുന്നതിനുവേണ്ടി കുഞ്ഞാലി ഒരു നിർദ്ദേശം വെച്ചു. സാമൂതിരിയുടെ അധികാരപരിധിയിലെ കടലോരത്തു വസിക്കുന്ന ഹൈന്ദവ മുക്കുവർ മതം മാറി ഇസ്ലാമാകണം. സാമൂതിരിക്ക് അതും സമ്മതമായിരുന്നു. രാജാവിൻ്റെ ഇംഗിതത്തിനു വഴങ്ങി കുറച്ചു പേർ മതം മാറി. എന്നാൽ ഭൂരിപക്ഷം പേരും മതം മാറാൻ വിസമ്മതിച്ചു. അപ്പോഴാണ് ഓരോ ഹൈന്ദവ മുക്കുവ കുടുംബത്തിലും
ആദ്യം ജനിക്കുന്ന ആൺകുട്ടിയെ മുസ്ലീമാക്കി വളർത്തണം എന്ന കഠോരമായ തിട്ടൂരം സാമൂതിരി ഇറക്കിയത്.
അറബിയുടെയും ഒട്ടകത്തിൻ്റെയും കഥയിലെ ഒട്ടകമാണ് ഇസ്ലാം മതം. ഒരു വീട്ടിലെ ഒരാൾ മുസ്ലീമായാൽ ആ വീടിനെ മൊത്തം അവർ ഇസ്ലാമാക്കി മാറ്റും. സാമൂതിരിയുടെ രാജ്യാതിർത്തിയിൽ അവശേഷിച്ചിരിക്കുന്ന ഹൈന്ദവ മുക്കുവർ സാമൂതിരിയുടെ ഈ അതിക്രമങ്ങളെ അതിജീവിച്ചവരാണ്. ഒരാളുടെ ഈശ്വര സങ്കല്പത്തേയും
സംസ്കാരത്തേയും മാറ്റി മറിക്കാൻ ഒരു രാജാവിനും അധികാരമില്ല. അനേകായിരം വർഷം ഒരു ജനത നിരന്തരമായ ആചരണത്തിലൂടെ ആത്മാവിൽ ആവാഹിച്ച ഒരു സംസ്കാരത്തെയാണ് പണത്തിനു വേണ്ടി സാമൂതിരി ഒറ്റു കൊടുത്തത്. ഇത് മാപ്പ് അർഹിക്കാത്ത അതിക്രിയ്യയാണ്. ഇന്ത്യയിലെ ഒരു ഹൈന്ദവ രാജാവും ഇത്തരം ഒരു ചെറ്റത്തരം ചെയ്തിട്ടില്ല എന്നും ഓർക്കണം. ഇക്കാര്യത്തിൽ, സാമൂതിരിയെക്കാൾ ഭേദമാണ് ഒരു കയിൽ ഖുർആനും മറുകയ്യിൽ വാളമായി ഇറങ്ങിയ മസ്സീം രാജാക്കന്മാർ.
രാജാക്കന്മാർ വ്യാപാര വ്യവസായങ്ങൾ ചെയ്യാൻ പാടില്ല എന്ന വിലക്ക് ഹൈന്ദവ രാജധർമ്മത്തിൽ ഉണ്ട്. ആ വിലക്ക് ലംഘിച്ചുകൊണ്ടാണ് സാമൂതിരി കച്ചവടക്കാരനായത്. സ്വലാഭത്തിനു വേണ്ടി എന്തുചെയ്യാനും മടിയില്ലാത്ത കച്ചവടക്കാരൻ കൂടി ആയിരുന്നു സാമൂതിരി. സാമൂതിരിയുടെ കച്ചവട താല്പര്യമാണ് മലബാറിലെ ഇസ്ലാമികവൽക്കരണത്തിൻ്റെ കരുത്തായി മാറിയത്. ചുങ്കം പിരിവുകാരായും ന്യായാധിപന്മാരായും ഉദ്യോഗസ്ഥ മേധാവികളായും സാമൂതിരി മുസ്ലീങ്ങളെ നിയമിച്ചിരുന്നത് അവരോടുള്ള സ്നേഹം കൊണ്ടു മാത്രമായിരുന്നില്ല; സ്വന്തം ധനലാഭത്തെ കരുതി കൂടിയായിരുന്നു. ലാഭം ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ എന്തു ചെയ്യാനും സാമൂതിരി മടിക്കില്ല. ഈ സാമൂതിരിയേയും മഹാനായിട്ടാണ് സ്കൂൾ പാഠപുസ്തക ചരിത്രകാരന്മാർ അവതരിപ്പിച്ചത് എന്നും ഓർക്കുക. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Discussion about this post