ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രശംസയിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. തരൂരിന്റെ പരാമർശങ്ങളെ എല്ലായ്‌പ്പോഴും താൻ ബഹുമാനിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു മോദിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും രംഗത്ത് എത്തിയത്.
ബിസിനസ് ടുഡേയുടെ മിന്ദ്രുഷ് 2025 ൽ സംസാരിക്കുകയായിരുന്നു ജയ്ശങ്കർ. പരിപാടിയിൽ പ്രധാനമന്ത്രിയെക്കുറിച്ചുള്ള തിരുവനന്തപുരം എംപിയുടെ പ്രശംസയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞിരുന്നു. അപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ശശി തരൂരിന്റെ വിധിന്യായങ്ങളെ എല്ലായ്‌പ്പോഴും ബഹുമാനിക്കാറുണ്ട്. പ്രത്യേകിച്ച് ഞങ്ങളെക്കുറിച്ചുള്ളത്’ എന്നിങ്ങനെ ആയിരുന്നു ജയ്ശങ്കറിന്റെ മറുപടി.
ഡൽഹിയിലെ റെയ്‌സീന ഡയലോഗ് സംവാദത്തിൽ സംസാരിക്കുന്നതിനിടെ ആണ് ശശി തരൂർ മോദിയെ പ്രശംസിച്ച് രംഗത്ത് എത്തിയത്. റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ പ്രധാനമന്ത്രി നടത്തിയ ഇടപെടൽ ആയിരുന്നു പ്രശംസയ്ക്ക് ആധാരം. യുക്രയ്‌നും റഷ്യയ്ക്കും ഒരുപോലെ സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്നായിരുന്നു ശശി തരൂർ പറഞ്ഞത്. ലോകസമാധാനം സ്ഥാപിക്കുന്നതിൽ പ്രധാനപങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറി. കേന്ദ്രത്തെക്കുറിച്ച് താൻ മുൻപ് നടത്തിയ പരാമർശങ്ങൾ തെറ്റായി പോയി എന്നും തരൂർ കൂട്ടിച്ചേർത്തു.
Discussion about this post