ഗാസ: വീണ്ടും ഹമാസിന്റെ ഉന്നത നേതാവിനെ വധിച്ച് ഇസ്രായേൽ. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീൽ ആണ് ഇസ്രായേൽ സേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. സലാഹിനൊപ്പം ഭാര്യയും കൊല്ലപ്പെട്ടു.
പുലർച്ചെയോടെയായിരുന്നു സംഭവം. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകര നേതാവും ഭാര്യയും കൊല്ലപ്പെട്ടത്. പുലർച്ചെ ഇരുവരും നിസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.
സലാഹിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസ്താവനയിലൂടെയാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെല്ലാം ഇസ്രായേലിനോട് പകരം വീട്ടുമെന്ന ഭീഷണിയും ഹമാസ് പങ്കുവയ്ക്കുന്നുണ്ട്. സലാഹിന്റെയും ഭാര്യയുടെയും അടക്കമുള്ള രക്തസാക്ഷികളുടെ രക്തം സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് ഇന്ധനമാകുന്നുവെന്നും, ശത്രുവിനെ തങ്ങളെ തകർക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ ഹമാസ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവി ഒസാമ താബാഷിനെ ഇസ്രായേൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സലാഹിനെയും വ്യോമാക്രമണത്തിൽ വധിച്ചത്. അതേസമയം സലാഹിനെ വധിച്ചതിൽ ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Discussion about this post