ന്യൂഡൽഹി : 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ബിജെപിയുമായി കൂട്ടുകൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് എഐഎഡിഎംകെ. എൻഡിഎ സഖ്യത്തിലേക്ക് തിരികെ എത്തുന്നതിന്റെ ഭാഗമായുള്ള കൂടുതൽ ചർച്ചകൾക്കായി എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി ഡൽഹിയിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
തമിഴ്നാട്ടിൽ മൂന്നാം തവണയും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ഡിഎംകെക്കെതിരെ പോരാടാൻ ബിജെപിയുമായുള്ള ഭിന്നതകൾ അവസാനിപ്പിച്ച് ഒന്നിച്ചു നിൽക്കാനാണ് ഇപ്പോൾ എഐഎഡിഎംകെ ശ്രമിക്കുന്നത്. ഡിഎംകെ സ്വന്തം പോരായ്മകൾ മറച്ചുവെക്കാനും രാഷ്ട്രീയ നേട്ടം കൊയ്യാനുമായിട്ടാണ് ഡീലിമിറ്റേഷനേയും കേന്ദ്ര വിദ്യാഭ്യാസ നയത്തെയും എതിർക്കുന്നതായി കാണിക്കുന്നത് എന്ന് നേരത്തെ എഐഎഡിഎംകെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എടപ്പാടി പളനിസ്വാമിയുടെ ഡൽഹി സന്ദർശനം.
2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചാൽ അത് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമായി മാറുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും എഐഎഡിഎംകെയും വോട്ട് വിഹിതം വർദ്ധിപ്പിച്ചതിനാൽ, അവർ ഒന്നിക്കുന്നത് സഖ്യത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കും. ആന്ധ്രാപ്രദേശിലേതിന് സമാനമായി ജനപിന്തുണയുള്ള പ്രാദേശിക പാർട്ടിയെ അനുകൂലിച്ച് രണ്ടാം സ്ഥാനത്തു നിന്നുകൊണ്ട് ഭരണം പിടിക്കാനുള്ള ശ്രമം ബിജെപി തമിഴ്നാട്ടിലും നടത്തിയേക്കും എന്നാണ് സൂചന. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈയുമായുള്ള ഭിന്നതയെ തുടർന്ന് 2023 സെപ്റ്റംബറിൽ ആയിരുന്നു എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നത്.
Discussion about this post