ലക്‌നൗ: ഉത്തർപ്രദേശിൽ ക്രൂഡ് ഓയിൽ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഓയിൽ ആന്റ് നാച്യുറൽ ഗ്യാസ് കോർപ്പറേഷൻ. ബല്ലിയ ജില്ലയിലെ ഗംഗയുടെ തീരത്താണ് ക്രൂഡ് ആയിൽ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വലിയ നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്.
സ്വതന്ത്രസമര സേനാനിയായ ചിട്ടു പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആണ് ക്രൂഡ് ഓയിൽ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ആറര ഏക്കറോളം വരുന്ന ഭൂമിയിൽ മൂന്ന് വർഷം മുൻപാണ് ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യം ഉള്ളതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ ഈ സ്ഥലം ഒഎൻജിസി പാട്ടത്തിനെടുത്തു. മൂന്ന് വർഷമായി ഇവിടെ പരിശോധന തുടരുകയായിരുന്നു. ഇതിനിടെയാണ് ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പ്രതിവർഷം 10 ലക്ഷം രൂപ വാടകയായി നൽകികൊണ്ടായിരുന്നു ഒഎൻജിസി സ്ഥലം പാട്ടത്തിന് എടുത്തത്.
പ്രദേശത്ത് മൂവായിരം അടി താഴ്ചയിലാണ് ക്രൂഡ് ഓയിൽ ഉള്ളത്. ഇവിടെ ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ തുടരുകയാണ്. അടുത്ത മാസത്തോട് കൂടി ഡ്രില്ലിംഗ് നടപടികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. ഡ്രില്ലിംഗ് പ്രവർത്തനങ്ങൾക്കായി പ്രതിദിനം 25,000 ലിറ്റർ വെള്ളമാണ് ആവശ്യമായി ഉള്ളത്. വേനൽ ആയതിനാൽ ഇത്രയും വെള്ളം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ദുഷ്‌കരമാണ്. ഇതേ തുടർന്നാണ് അവസാനിപ്പിക്കുന്നത്.
ബല്ലയിലെ സാഗർപലിയിൽ നിന്നും പ്രയാഗ്‌രാജിലെ ഫഫമൗവരെ 300 കിലോ മീറ്റർ പ്രദേശത്തെ പലഭാഗങ്ങളിലും ക്രൂഡ് ഓയിൽ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇവിടെയും ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഡ്രില്ലിംഗ് പ്രവർത്തനങ്ങൾക്കായുള്ള ഭൂമിയിൽ കൃഷി ഭൂമി ഉൾപ്പെടെ ഉൾപ്പെടുന്നുണ്ട്. അതിനാൽ ഇവരുൾപ്പെടെയുള്ളവർക്ക് വലിയ തുക പ്രതിഫലമായി നൽകികൊണ്ടാകും ഭൂമി പാട്ടത്തിനെടുക്കുക.
ഉത്തർപ്രദേശിലെ ക്രൂഡ് ഓയിൽ ശേഖരം കൂടി പരിഗണിക്കുമ്പോൾ രാജ്യത്ത് 587.335 മില്യൺ മെട്രിക് ടൺ ക്രൂഡ് ഓയിൽ ശേഖരമാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. 2021 ഏപ്രിൽ മുതൽ 2025 വരെയുള്ള കണക്കുകളാണ് ഇത്. ഇതിൽ ഭൂരിഭാഗം ശേഖരവും ഉള്ളത് അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്.
Discussion about this post