ചിയാൻ വിക്രം നായകനായെത്തിയ പുതിയ ചിത്രമാണ് വീര ധീര സൂരൻ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആദ്യ ദിനം ആദ്യ ഷോ കാണാനായി തിയറ്ററിലെത്തിയ വിക്രമിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രം കണ്ട് പുറത്തിറങ്ങുമ്പോൾ പ്രേക്ഷകരുടെ തിരക്ക് കാരണം ഒരു ഓട്ടോയിൽ കയറി തിരിച്ചുപോകുന്ന വിക്രമിന്റെ വിഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്. ചിത്രം പ്രേക്ഷകരുടെയൊപ്പം കാണാനായി നടൻ വിക്രം ചെന്നൈയിലെ സത്യം സിനിമാസിൽ എത്തിയിരുന്നു. ചിത്രം കഴിഞ്ഞ് തിരക്ക് കാരണം താരം ഓട്ടോയിൽ കയറി പോവുകയായിരുന്നു. ക്യാമറയുമായി ആരാധകർ വിക്രമിന് പുറകെ ഓടുന്നതും വിഡിയോയിൽ കാണാം.
ചില നിയമപ്രശ്‌നങ്ങൾ കാരണം വൈകുന്നേരം അഞ്ച് മണി മുതലായിരുന്നു സിനിമയുടെ പ്രദർശനം തുടങ്ങിയത്. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയായിരുന്നു നിയമപ്രശ്നം. ഒടിടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാർ ചിത്രത്തിന്റെ നിർമാതാക്കൾ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് സിനിമയുടെ മോണിങ്, നൂൺ ഷോകൾ ക്യാൻസൽ ചെയ്യപ്പെട്ടിരുന്നു. പ്രസ്തുത പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമാണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന് ലഭിച്ചു.
Discussion about this post