ന്യൂഡൽഹി : എഐഎഡിഎംകെ പിളർപ്പിലേക്ക് എന്ന സൂചന നൽകി ബിജെപിയുമായി ചർച്ച നടത്തി മുൻ മന്ത്രി കെ എ സെങ്കോട്ടയ്യൻ. ഡൽഹിയിൽ എത്തിയ സെങ്കോട്ടയ്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഇങ്ങനെയൊരു കൂടിക്കാഴ്ചയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നാണ് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അറിയിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി എഐഎഡിഎംകെയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു സെങ്കോട്ടയ്യൻ. എടപ്പാടി പളനിസ്വാമിയുമായുള്ള ഭിന്നതയെ തുടർന്നാണ് സെങ്കോട്ടയ്യൻ മാറിനിൽക്കുന്നത് എന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. ഈ വർഷം ഫെബ്രുവരിയിൽ അത്തിക്കടവ് – അവിനാശി പദ്ധതിക്ക് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയോട് നന്ദി പറയാൻ കർഷകർ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ നിന്നും സെങ്കോട്ടയ്യൻ വിട്ടു നിന്നിരുന്നു. ഇപ്പോൾ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അമിത് ഷായുമായുള്ള സെങ്കോട്ടയ്യന്റെ കൂടിക്കാഴ്ച തമിഴ്നാട്ടിൽ വലിയ ചർച്ചകൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായുള്ള സഖ്യം പുനരാരംഭിക്കാൻ ആയിട്ടായിരുന്നു ഈ കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. എന്നാൽ പിന്നീട് ഈ വിഷയത്തിൽ തീരുമാനം ഒന്നും വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുൻമന്ത്രിയും പ്രമുഖ എഐഎഡിഎംകെ നേതാവുമായ സെങ്കോട്ടയ്യൻ ചർച്ചകൾ നടത്താൻ ഡൽഹിയിൽ എത്തിയിരിക്കുന്നത്. കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമനുമായും സെങ്കോട്ടയ്യൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എടപ്പാടി പളനിസ്വാമിയുമായി ഭിന്നതയിലുള്ള തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും പാർട്ടി എംഎൽഎ നൈനാർ നാഗേന്ദ്രനും സെങ്കോട്ടയ്യന്റെ സന്ദർശന സമയത്ത് ഡൽഹിയിൽ ഉണ്ടായിരുന്നു എന്നുള്ളതും ചർച്ചാവിഷയം ആയിരിക്കുകയാണ്.
Discussion about this post