ചെന്നൈ : ചെന്നൈയിൽ നീറ്റ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. എം കെ സ്റ്റാലിന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. നീറ്റ് പരീക്ഷയിലെ പരാജയങ്ങളെ തുടർന്ന് തമിഴ്നാട്ടിൽ വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്യുന്നത് വ്യാപകമായിരിക്കുകയാണെന്നും എടപ്പാടി പളനി സ്വാമി കുറ്റപ്പെടുത്തി.
ചെന്നൈയ്ക്കടുത്തുള്ള ഉരപക്കത്തുള്ള വീട്ടിൽ വച്ചാണ് 21 വയസ്സുകാരിയായ നീറ്റ് വിദ്യാർത്ഥിനി എസ് ദേവദർശിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാലാം തവണ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു ഈ വിദ്യാർത്ഥിനി. നേരത്തെ മൂന്ന് തവണ നീറ്റ് പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച കട്ട് ഓഫ് മാർക്ക് ലഭിക്കാതിരുന്നതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി അണ്ണാനഗർ പ്രദേശത്തെ ഒരു സ്വകാര്യ കോച്ചിംഗ് സെന്ററിൽ ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകളിൽ പങ്കെടുത്തിരുന്നെങ്കിലും അടുത്ത പരീക്ഷയിലും ജയിക്കും എന്ന ആത്മവിശ്വാസം ഇല്ലാത്തതിനെ തുടർന്നാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നയങ്ങളാണ് തമിഴ്നാട്ടിലെ നീറ്റ് വിദ്യാർത്ഥികളുടെ ദുരിതത്തിന് കാരണമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഡിഎംകെ കൂടി സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നപ്പോഴാണ് നീറ്റ് പരീക്ഷ അവതരിപ്പിച്ചിരുന്നത്. എഐഎഡിഎംകെ ആദ്യം മുതലേ നീറ്റ് പരീക്ഷയെ എതിർത്തിരുന്നു എന്ന് എടപ്പാടി പളനിസ്വാമി വ്യക്തമാക്കുന്നു. തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ നിർത്തലാക്കും എന്ന് പറഞ്ഞാണ് ഡിഎംകെ സർക്കാർ അധികാരത്തിലേറിയത്. എന്നാൽ പത്തുവർഷം ആകുമ്പോഴും ഈ വാക്ക് പാലിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 2021 സെപ്റ്റംബറിനും 2025 മാർച്ചിനും ഇടയിൽ 19 നീറ്റ് വിദ്യാർത്ഥികൾ ആണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്. ഈ മരണങ്ങൾക്ക് എല്ലാം ഉത്തരവാദി ഡിഎംകെയുടെ നയങ്ങളാണ് എന്നും എടപ്പാടി പളനിസ്വാമി കുറ്റപ്പെടുത്തി.
Discussion about this post