നുകൂഅലോഫ : മ്യാൻമറിൽ 1600ലധികം പേരുടെ ജീവനപഹരിച്ച അതിശക്തമായ ഭൂകമ്പത്തിന് പിന്നാലെ വീണ്ടും ആശങ്ക വിതച്ച് ഭൂകമ്പം. ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യയിലെ ദ്വീപ് രാജ്യമായ ടോംഗ ദ്വീപിൽ 7.0 തീവ്രതയുള്ള ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പസഫിക് സമുദ്രത്തിലായിരുന്നു എന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്.
അതിശക്തമായ ഭൂകമ്പത്തിന് പിന്നാലെ നാഷണൽ സെന്റർ ഫോർ സീസ്‌മോളജി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്ററിന് ഉള്ളിലുള്ള തീരപ്രദേശങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുന്നു.
171 ദ്വീപുകൾ ചേർന്ന ഒരു രാജ്യമാണ് ടോംഗ. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് നിന്ന് 3,500 കിലോമീറ്റർ അകലെയായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഒരു ലക്ഷത്തോളം വരുന്ന ജനസംഖ്യ മാത്രമാണ് ഈ രാജ്യത്തുള്ളത്. ധാരാളം ബീച്ചുകൾ ഉള്ള ഒരു പ്രമുഖ വിനോദസഞ്ചാരം കേന്ദ്രം കൂടിയാണ് ടോംഗ എന്നുള്ളതിനാൽ സുനാമി മുന്നറിയിപ്പിൽ കടുത്ത ജാഗ്രതയാണ് രാജ്യം സ്വീകരിക്കുന്നത്.
Discussion about this post