മുംബൈ: മഹാകുംഭമേളയിൽ വൈറലായ മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ പീഡന കേസിൽ അറസ്റ്റിൽ. സംവിധായകൻ സനോജ് കുമാർ മിശ്രയാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്നും സിനിമയിൽ അവസരം നൽകാമെന്നും വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് സനോജിനെതിരായ പരാതി.
2021 ൽ ആയിരുന്നു സംഭവം. അന്ന് ഉത്തർപ്രദേശിലെ ഝാൻസിയിൽ ആയിരുന്നു സനോജ് കുമാർ കഴിഞ്ഞിരുന്നത്. ഇവിടെ വച്ച് സോഷ്യൽ മീഡിയ വഴി പരാതിക്കാരിയുമായി ഇയാൾ പരിചയത്തിലാകുകയായിരുന്നു. സൗഹൃദത്തിലായതോടെ സനോജ് കുമാർ യുവതിയെ നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് യുവതി നിരസിച്ചതോടെ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
തുടർന്ന് സനോജിനെ കാണാൻ യുവതി എത്തി. ഒരു റിസോർട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച. ഇതിനിടെ ലഹരി നൽകി യുവതിയെ സനോജ് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്നചിത്രങ്ങളും ഇയാൾ പകർത്തി.
സംഭവം പുറത്തറിയാതിരിക്കാൻ ഇയാൾ യുവതിയ്ക്ക് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി. പിന്നീട് ലിവിംഗ് റിലേഷൻ ഷിപ്പിന് വേണ്ടി നിർബന്ധിക്കുകയായിരുന്നു. ഇതിനിടെ നിരവധി തവണ ഇയാൾ യുവതിയെ പീഡിപ്പിച്ചു. മൂന്ന് തവണ ഗർഭിണിയായ യുവതിയെ സനോജ് കുമാർ നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹം കഴിക്കാൻ യുവതി സനോജിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സനോജ് ഇതിന് വിസമ്മതിച്ചു. പോലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
ഇയാൾക്കെതിരെ പീഡനം, ഗർഭഛിദ്രം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ് കേസ് എടുത്തിരുന്നത്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post