തൃശ്ശൂർ: തലോറിലെ മൊബൈൽ കടയിൽ വൻ കവർച്ച. 25 ലക്ഷം രൂപയുടെ ഫോണും ഉപകരണങ്ങളും നഷ്ടമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാവിലെ കട തുറന്ന ജീവനക്കാരാണ് ആദ്യം മോഷണ വിവരം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് കടയുടെ ഷട്ടർ തകർത്തായിരുന്നു മോഷ്ടാക്കൾ അകത്ത് കയറിയത്.
സ്മാർട് ഫോണുകൾ, ടിവികൾ, ലാപ്‌ടോപ്പുകൾ, ടാബുകൾ എന്നിവ കടയിൽ നിന്നും കള്ളൻമാർ മോഷ്ടിച്ചു. ഇതിന് പുറമേ മേശയിൽ സൂക്ഷിച്ച പണവും കവർന്നിട്ടുണ്ട്. മോഷണത്തിന്റെ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
രണ്ട് പേരാണ് കടയിൽ കയറി മോഷണം നടത്തിയിട്ടുള്ളത്. വെളുത്ത മാരുതി സ്വിഫ്റ്റ് കാറിൽ എത്തിയ മോഷ്ടാക്കൾ ഷട്ടർ തകർത്ത് അകത്ത് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. ചാക്കുകളിലാണ് ഇവർ സാധനങ്ങൾ കൊണ്ടുപോയത്. മോഷ്ടാക്കൾ മുഖം മറച്ചിരുന്നു.
ഏകദേശം ഒന്നര മണിക്കൂർ നേരമാണ് മോഷ്ടാക്കൾ കടയിൽ ഉണ്ടായിരുന്നത്. കീപാഡ് ഫോണുകൾ ഒഴികെ ബാക്കിയെല്ലാം ഇവർ എടുത്തിരുന്നു. മോഷണത്തിനിടെ അവിടേയ്ക്ക് ഒരു പിക്കപ്പ് വാൻ വരുന്നത് ശ്രദ്ധിച്ച ഇവർ മോഷ്ടിച്ച വസ്തുക്കളുമായി ഉടൻ കാറിൽ കയറി പോകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ എല്ലാം പോലീസ് ശേഖരിച്ചിട്ടുണ്ട്. തൈക്കാട്ടുശ്ശേരി റോഡിലേക്ക് വാഹനം തിരിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചത്. പോലീസും വിരളടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി. പ്രതികളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post