ന്യൂഡൽഹി∙ ഇന്ത്യ ചൈന ബന്ധം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കത്ത്. ‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെ ഇരുരാജ്യങ്ങളുടെയും ബന്ധം മാറണമെന്ന് കത്തിൽ ഷി ചിൻപിങ് പറയുന്നു.
ചൈനയുടെ പ്രതീകാത്മക ചിഹ്നമാണ് വ്യാളി. ഇന്ത്യയുടേത് ആനയും. തെക്കേ അമേരിക്കൻ നൃത്തരൂപമാണ് ടാംഗോ. ഇതിൻറെ സൂചകമായാണ് ചൈനീസ് പ്രസിഡണ്ട് സാഹിത്യരൂപേണ നയതന്ത്ര ബന്ധത്തെ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇന്ത്യ–ചൈന നയതന്ത്ര ബന്ധത്തിന്റെ 75–ാം വാർഷികത്തിൽ രാഷ്ട്രപതിക്കയച്ച സന്ദേശത്തിലാണ് ചൈനീസ് പ്രസിഡണ്ടിൻറെ ആവശ്യം.
ഷിക്കും ദ്രൗപദി മുർമുവിനും പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങും പരസ്പരം അഭിനന്ദന സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
2020ൽ ഗൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയപടി ആയിട്ടില്ല. അതിർത്തി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചൈനീസ് ഉദ്യേഗസ്ഥരും നിരവധി തവണം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനിടെയാണ് നയതന്ത്ര വാർഷികത്തിൽ നേതാക്കൾ പരസ്പരം സന്ദേശങ്ങളയച്ചത്. സമാധാനപരമായ സഹവർത്തിത്വത്തിന് അയൽരാജ്യം വഴി കണ്ടെത്തണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്താൻ താൻ തയാറാണെന്നും ഷി കത്തിൽ വ്യക്തമാക്കുന്നു.
Discussion about this post