മൊഹാലി : പ്രാർത്ഥനക്ക് വന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവ് ശിക്ഷ. പെന്തക്കോസ്ത് പാസ്റ്റർ ബജിന്ദർ സിംഗിനാണ് മൊഹാലി കോടതി ജീവപര്യന്തം തടവ് വിധിച്ചത്. പഞ്ചാബിലെ ഗ്ലോറി മിനിസ്ട്രി ചർച്ചിന്റെ സ്ഥാപകനാണ് ബജിന്ദർ സിംഗ്.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തേക്ക് പോകാൻ വഴിയൊരുക്കാമെന്ന് പ്രലോഭിപ്പിച്ചാണ് യുവതിയെ ഇയാൾ ഫ്ലാറ്റിലേക്ക് വിളിച്ചത്. പാസ്പോർട്ടും മറ്റ് രേഖകളും കൊണ്ടുവരാനും ആവശ്യപ്പെട്ടിരുന്നു. ഫ്ലാറ്റിലെത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയതിനു ശേഷം ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
യേശു യേശു പ്രവാചകൻ എന്നും പാപ്പാജി എന്നും അറിയപ്പെട്ട ബജിന്ദർ തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ പിടിക്കുകയും അത് വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷിച്ച പോലീസ് ബജിന്ദർ സിംഗിനെ അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിൽ ഇയാൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചു. നേരത്തെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു ഇയാൾ. അവിടെവെച്ചാണ് ക്രിസ്തുമതത്തിലേക്ക് മതം മാറിയത്. പെന്തക്കോസ്ത് പാസ്റ്റർമാരുടെ ഇടപെടലിലൂടെയായിരുന്നു മതം മാറ്റം. മതം മാറിയതിനു ശേഷം സ്വന്തമായ സഭ സ്ഥാപിച്ച് മതപ്രചാരണവും മതപരിവർത്തനവും നടത്തിവരികയായിരുന്നു ഇയാൾ.
കേസിന്റെ വിചാരണക്കിടെ നിരവധി ഭീഷണികളും പ്രലോഭനങ്ങളും നേരിടേണ്ടി വന്നെന്ന് ഇര മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ കള്ളക്കേസുകൾ ചുമത്തി. ഗുണ്ടകളെ വിട്ട് ആക്രമിക്കാൻ ശ്രമിച്ചു. അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. രാഷ്ട്രീയമായി സമ്മർദ്ദമുണ്ടാക്കാൻ നോക്കി. തനിക്ക് പലപ്പോഴും വീടുകൾ മാറേണ്ടി വന്നു. എന്നിട്ടും നീതിക്ക് വേണ്ടി പൊരുതുകയായിരുന്നെന്നും ഇരയായ പെൺകുട്ടി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post