ന്യൂഡൽഹി : കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ബില്ലിനെതിരായ ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഷിൻഡെ വിഭാഗം. ബാലാസാഹേബ് താക്കറെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ വഖഫ് ബില്ലിനെതിരെ പറയാൻ ഏതെങ്കിലുമൊരു ശിവസേനക്കാരന്റെ നാവ് പൊങ്ങുമായിരുന്നോ എന്ന് ശിവസേന എംപി ശ്രീകാന്ത് ഷിൻഡെ ലോക്സഭയിൽ ചോദ്യമുന്നയിച്ചു.
ഈ ബിൽ പ്രീണനത്തിനല്ല, ഉന്നമനത്തിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഏതെങ്കിലും പ്രത്യേക മതത്തിന് അനുകൂലമായോ പ്രതികൂലമായോ അല്ല, ഇത് രാഷ്ട്രത്തിനുവേണ്ടിയാണ് എന്ന് മനസ്സിലാക്കണം. ശിവസേനയ്ക്കും എന്റെ നേതാവ് ഏക്‌നാഥ് ഷിൻഡെയ്ക്കും വേണ്ടി ഞാൻ ഈ ബില്ലിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നു എന്നും ശ്രീകാന്ത് ഷിൻഡെ വ്യക്തമാക്കി.
“ഇത് ചരിത്രപരവും പ്രധാനപ്പെട്ടതുമായ ഒരു ദിവസമാണ്. ആദ്യം ആർട്ടിക്കിൾ 370, പിന്നീട് മുത്തലാഖ്, സിഎഎ, ഇപ്പോൾ ന്യൂനപക്ഷ വിഭാഗത്തിലെ ദരിദ്രരുടെ ക്ഷേമത്തിനായി ഈ ബിൽ എന്നിവ സഭയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. എന്നാൽ ശിവസേന യുബിടിയിലെ അരവിന്ദ് സാവന്തിന്റെ പ്രസംഗം കേട്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി. ബാലാസാഹെബ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവർ ഇതേ കാര്യം പറയുമായിരുന്നോ എന്ന് അവർ അവരുടെ മനസ്സാക്ഷിയോട് ചോദിക്കണം. ഇന്ന് യുബിടി ആരുടെ പ്രത്യയശാസ്ത്രമാണ് സ്വീകരിക്കുന്നതെന്നും ഈ ബില്ലിനെ എതിർക്കുന്നതെന്നും വ്യക്തമാണ്” എന്നും ശ്രീകാന്ത് ഷിൻഡെ ലോക്സഭയിൽ അഭിപ്രായപ്പെട്ടു.
Discussion about this post