ന്യൂഡല്‍ഹി: ന്യൂഡൽഹി; വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56ന് ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 520 പേരാണ് വോട്ട് ചെയ്തത്. വഖഫ് ബിൽ ലോകസഭ പാസാക്കിയതോടെ മുനമ്പം സമരപന്തലില്‍ സമരക്കാർ പടക്കംപൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി.
പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂല മുദ്രാവാക്യം മുഴക്കിയായിരുന്നു മുനമ്പത്തുകാരുടെ ആഹ്ലാദപ്രകടനം . ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍ മുനമ്പത്തെ സമരപന്തലില്‍വെച്ച് സമരക്കാര്‍ ലൈവായി കാണുകയായിരുന്നു.
തങ്ങളെ അറിയാത്ത കിരണ്‍ റിജ്ജു പോലും തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുവെന്നും തങ്ങളെ അറിയേണ്ട എംപി ഹൈബി ഈഡന്‍ എന്താണ് സംസാരിച്ചതെന്നുമാണ് സമരക്കാർ മാദ്ധ്യമങ്ങളോട് ചോദിച്ചത്.
പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു ലോകസഭയെ അറിയിച്ചത്. 8 മണിക്കൂറാണ് ബില്ലിൽ ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 12.06ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.56 വരെ നീണ്ടു.. ബിൽ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും.
മുനമ്പത്തെ പ്രശ്‌നങ്ങള്‍ വഖഫ് ഭേദഗതിബില്ലോടുകൂടി പരിഹരിക്കപ്പെടും എന്ന് ബിജെപി നേതാക്കള്‍ ലോക്‌സഭാ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു.കേരളത്തിൽ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതായാണ് വിവരം.
വഖഫ് ഭേദഗതിബില്ലില്‍ ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളി. ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും സഭ തള്ളി. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല.
Discussion about this post