ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ ലോകസഭയിൽ രാത്രി വൈകി നടന്ന ചർച്ചയിൽ ഹൈബി ഈഡൻ എംപിയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജോർജ് കുര്യൻ. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണെന്നും എന്നാല്‍ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നുമായിരുന്നു ഹൈബി ഈഡന്‍റെ വികാരപരമായ വാദം. താനും മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ്. ഞാനും അവരില്‍ ഒരാളാണെന്നും ഹൈബി ഈഡൻ വാദിക്കാൻ നോക്കി.
കോണ്‍ഗ്രസുകാര്‍ 2014 ല്‍ ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമിച്ച കേസ് പരാമര്‍ശിച്ചായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം. 2021 ല്‍ പാലാ ബിഷപ്പ് ഹൌസ് പിഎഫ്‌ഐ ആക്രമിച്ചു. അന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത് ബിഷപ്പിനെതിരെ കേസെടുക്കാനാണ്. നരേന്ദ്ര മോദിക്ക് മാത്രമേ മുനമ്പത്തുകാരെ രക്ഷിക്കാന്‍ സാധിക്കൂ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തിലെ ബിഷപ്പുമാര്‍ മോദിയെ കാണാന്‍ എത്തുകയാണ്. നിങ്ങള്‍ വടക്കോട്ട് നോക്കിയിരിക്കൂ എന്നും ജോര്‍ജ് കുര്യന്‍ പരിഹസിച്ചു.
വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56ന് ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 520 പേരാണ് വോട്ട് ചെയ്തത്.8 മണിക്കൂറാണ് ബില്ലിൽ ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 12.06ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.56 വരെ നീണ്ടു.
അതേ സമയം ബിൽ ലോകസഭയിൽ പാസാക്കിയതോടെ മുനമ്പം സമരപന്തലിൽ സമരക്കാർ ആഹ്ലാദ പ്രകടനം നടത്തി. പടക്കംപൊട്ടിച്ചും പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യമർപ്പിച്ചുമായിരുന്നു മുനമ്പത്തുകാരുടെ ആഹ്ലാദം.
തങ്ങളെ അറിയാത്ത കേന്ദ്രമന്ത്രി കിരൺ റിജിജുവരെ തങ്ങൾക്ക് വേണ്ടി സംസാരിച്ചെന്നും ഹൈബി ഈഡൻ ഞങ്ങൾക്ക് വേണ്ടി ഒരു വാക്കുപോലും മിണ്ടിയില്ലെന്നും സമരക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിയിക്കും, ജോർജ് കുര്യനും നന്ദി പ്രകടിപ്പിച്ച മുനമ്പത്തുകാർ പ്രതിപക്ഷ എംപിമാർ കേരളത്തിലെത്തുമ്പോൾ അവർക്ക് നൽകാൻ സമ്മാനം കരുതിവെച്ചിട്ടുണ്ടെന്നും മാദ്ധ്യമങ്ങളെ അറിയിച്ചു.













Discussion about this post