ന്യൂഡൽഹി; വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ കോൺഗ്രസിനെതിരെ ശക്തമായ വാദവുമായി കേന്ദ്രമന്ത്രിയും ജെ.പി.നദ്ദ. രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിൽ ചർച്ച നടക്കവെയായിരുന്നു ജെ.പി നദ്ദയുടെ വാദം. കോൺഗ്രസ് ഭരണകാലത്ത് മുസ്ലിം സ്ത്രീകളെ രണ്ടാംകിട പൌരൻമാരായാണ് കണ്ടതെന്ന് നദ്ദ വിമർശിച്ചു.
നിങ്ങൾ ഇന്ത്യൻ മുസ്ലീം സ്ത്രീകളെ രണ്ടാംതരം പൗരന്മാരാക്കി. ഈജിപ്ത്, സുഡാൻ, ബംഗ്ലാദേശ്, സിറിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ മുത്തലാഖ് നിരോധിച്ചിരുന്നു. എങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഒരു ദശാബ്ദക്കാലം അധികാരത്തിലിരുന്നപ്പോൾ മുസ്ലീം സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ കൊണ്ടുവരിക എന്നതാണ് (വഖഫ്) ബില്ലിന്റെ ഏക ഉദ്ദേശ്യമെന്നും നദ്ദ വ്യക്തമാക്കി.
വഖഫ് (ഭേദഗതി) ബിൽ രാഷ്ട്രതാൽപ്പര്യത്തിനുവേണ്ടിയാണെന്നും പ്രതിപക്ഷം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യസഭയിലും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് ബിൽ പ്രമേയം അവതരിപ്പിച്ചത്. ട്രൈബ്യൂണലുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ബില്ലിന് കീഴിൽ സർക്കാർ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അവതരണ വേളയിൽ കേന്ദ്ര മന്ത്രി പറഞ്ഞു. “ഈ ബില്ലിൽ അപ്പീൽ ചെയ്യാനുള്ള അവകാശം ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രൈബ്യൂണലിൽ നിങ്ങളുടെ അവകാശം ലഭിച്ചില്ലെങ്കിൽ, ഈ അപ്പീൽ ചെയ്യാനുള്ള അവകാശത്തിന് കീഴിൽ നിങ്ങൾക്ക് കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യാം,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച നിയമനിർമ്മാണം പരിശോധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പെടുത്തിയ ശേഷമാണ് സർക്കാർ പുതുക്കിയ ബിൽ അവതരിപ്പിച്ചത്. 1995 ലെ നിയമം ഭേദഗതി ചെയ്യാനും ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്‌മെന്റും മെച്ചപ്പെടുത്താനും ബിൽ ലക്ഷ്യമിടുന്നു.
Discussion about this post