കൊച്ചി; മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ വിമർശനവുമായി ഉമ തോമസ് എംഎൽഎ .അപകടം സംഭവിച്ചതിന് ശേഷം ദിവ്യ ഉണ്ണി ഖേദം പ്രകടിപ്പിക്കുകയോ വന്നുകാണുകയോ വിളിക്കുകയോ ചെയ്തില്ല. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം.
മഞ്ജു വാര്യർ തന്നെ കാണാൻ വന്നപ്പോൾ ഇക്കാര്യത്തെക്കുറിച്ച് താൻ വിഷമം പറഞ്ഞിരുന്നു. അതിന് ശേഷം വന്ന ഒരു അവധി ദിവസമാണ് ദിവ്യ തന്നെ വിളിച്ചത്. ദിവ്യ ഉണ്ണിയെ പോലെയുള്ളവർ സാമൂഹിക ഉത്തരവാദിത്വങ്ങൾ മറക്കരുതെന്ന് ഉമാ തോമസ് വിമർശിച്ചു.
സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ താൻ വീണ് പരുക്കേറ്റ ശേഷവും മന്ത്രി സജി ചെറിയാൻ ആ പരിപാടിയിൽ തുടർന്നു. സാംസ്കാരിക മന്ത്രിക്ക് സംസ്കാരമുണ്ടോയെന്ന സംശയം തനിക്കുണ്ടാക്കിയെന്നും ഉമ തോമസ് പറഞ്ഞു. ‘അഴയിലിട്ട തുണി വീണ ലാഘവത്തോടെയാണ് വീഴ്ചയ്ക്കുശേഷം പലരും സ്വന്തം സീറ്റുകളിൽ പോയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. എന്തു സംഭവിച്ചെന്ന് അന്വേഷിക്കാൻ മന്ത്രിയുൾപ്പെടെ ഉള്ളവർ തയാറായില്ല.
കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ സ്റ്റേജ് തയാറാക്കിയത് കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നെന്നാണ് ഉമ തോമസിൻറെ വാക്കുകൾ. ബാരിക്കേഡിന് മുകളിലായാണ് സ്റ്റേജ് നിർമിച്ചത്. ജിസിഡിഎയ്ക്കും പോലീസിനും ക്ലീൻചിറ്റ് നൽകി. അപകടം സംഘാടകരുടെ മാത്രം കുഴപ്പമാക്കി മാറ്റുകയാണ്. കരാറടക്കം പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നും ഉമ തോമസ് അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എ 46 ദിവസമാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഡിസംബര്‍ 29നായിരുന്നു അപകടം സംഭവിച്ചത്. സംഘാടകരുടെ സുരക്ഷാ വീഴ്ച മൂലം കലൂര്‍ സ്റ്റേഡിയത്തിലെ താല്‍ക്കാലിക വേദിയില്‍ 15 അടി ഉയരത്തില്‍ നിന്ന് വീണാണ് എംഎല്‍എക്ക് ഗുരുതരമായി പരുക്കേറ്റത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്‌നം.
Discussion about this post