ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. തസ്ലീമ ഇടപെട്ട് സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയെന്നാണ് വിവരം. ഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നൽകിയതായി പോലീസ് കണ്ടെത്തി.25,000 രൂപ നൽകണമെന്ന ചാറ്റും ലഭിച്ചു.
പെൺവാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിനു മുൻപും തസ്‌ലീമ പ്രവർത്തിച്ചിട്ടുണ്ട്. ലഹരിക്ക് പുറമെ പെൺകുട്ടിയെ എത്തിച്ചു നൽകിയതിനും തെളിവുകളുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‌ലീമയെ പിടികൂടുന്നത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികൾ വിതരണം ചെയ്തത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപന നടത്താനാണ് തസ്‌ലീമ ആലപ്പുഴയിൽ എത്തിയത്. തായ്ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. ഓമനപ്പുഴയിലുള്ള റിസോർട്ട് കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സിനിമാതാരങ്ങൾക്കാണ് ലഹരി കൈമാറിയതെന്ന് തസ്‌ലീമ മൊഴി നൽകിയിരുന്നു. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിൻറെ ഡിജിറ്റൽ തെളിവുകൾ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
വാടകയ്ക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാൽ എവിടെയെല്ലാം ഇവർ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും ഉടൻ എക്സൈസിന് ലഭിക്കും. ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്.
Discussion about this post