റായ്പൂർ : കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശമായിരുന്ന ദന്തേവാഡയിൽ സന്ദർശനം നടത്തിയിരുന്നത്. 2026 മാർച്ചിൽ മുൻപായി രാജ്യത്തുനിന്നും ചുവപ്പ് ഭീകരതയെ പൂർണ്ണമായും തുടച്ചുനീക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി വന്നു മടങ്ങിയതിന് പിന്നാലെ ഇപ്പോൾ ദന്തേവാഡയിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയ വാർത്തയാണ് പുറത്തുവരുന്നത്.
മൂന്നുലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഭീകരർ ഉൾപ്പെടെയാണ് ദന്തേവാഡയിൽ കീഴടങ്ങിയിരിക്കുന്നത്. പോലീസിലെയും സിആർപിഎഫിലെയും മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിലാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. മാവോയിസ്റ്റ് ജൻമിൽതിയ, റവല്യൂഷണറി പാർട്ടി കമ്മിറ്റി (ആർപിസി), ജനതന സർക്കാർ വിഭാഗ്, ദണ്ഡകാരണ്യ ആദിവാസി കിസാൻ മജ്ദൂർ സംഗതൻ (ഡിഎകെഎംഎസ്), ചേത്ന നാട്യ മണ്ഡലി (സിഎൻഎം) തുടങ്ങിയ മുന്നണികളിൽ പ്രവർത്തിച്ചുവന്നിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് ഇന്ന് ആയുധം താഴെവച്ച് കീഴടങ്ങിയിട്ടുള്ളത്.
കീഴടങ്ങിയ ഭീകരരിൽ ആംദായ് ഏരിയ ജൻമിലിഷ്യ കമാൻഡറായിരുന്ന രാജേഷ് കശ്യപിന് സർക്കാർ 3 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിയിരുന്നു. ജനതാന സർക്കാർ സ്ക്വാഡിന്റെ തലവനായ കോസ മാദ്‌വിക്ക് ഒരു ലക്ഷം രൂപയും ചേത്‌ന നാട്യ മഞ്ച് അംഗമായ ഛോട്ടു കുഞ്ചമിന് 50,000 രൂപയും സർക്കാർ തലയ്ക്കു വിലയിട്ടിരുന്നു. സിആർപിഎഫിന്റെ 111, 195, 230, 231 ബറ്റാലിയനുകളും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗവും നടത്തിയ നിർണായക ഇടപെടലുകളാണ് 26 കമ്മ്യൂണിസ്റ്റ് ഭീകരരുടെ കീഴടങ്ങലിലേക്ക് നയിച്ചത്. ഇതോടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ദന്തേവാഡയിൽ കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം 953 ആയി.
Discussion about this post