പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വിവിധരോഗങ്ങളാൽ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നതായാണ് വിവരം. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ നാലുവരെ സംസ്ഥാനത്ത് 2,872 പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി. ഇതിൽ 14 പേർ മരിച്ചു. മാർച്ചിലാണ് കൂടുതൽപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചത് -1,026. ഏഴുപേർ മരിച്ചു.
മലിനജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തമാണ് വ്യാപകമാകുന്നത്. പലരിലും രോഗം ഗുരുതരമാകാത്തതിനാൽ ചെറിയൊരു ശതമാനമേ ചികിത്സതേടുന്നുള്ളു. അതിനാൽ അനൗദ്യോഗിക കണക്കിനേക്കാൾ കൂടുതലായിരിക്കും രോഗബാധിതരുടെ എണ്ണം.
എന്താണ് മഞ്ഞപ്പിത്തം
കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു. ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.
പ്രതിരോധ മാർഗങ്ങൾ
•തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലർത്തി ഉപയോഗിക്കരുത്. പുറത്തുപോകുമ്പോൾ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.
• ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്നതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
• കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് കിണർ വെള്ളം ക്ളോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. ഇത്തരത്തിൽ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങൾ കഴുകുന്നതിനും ഉപയോഗിക്കുക.
• വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.
• പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.
• ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക.
• തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക.
• കുഞ്ഞുങ്ങളുടെ വിസർജ്ജ്യങ്ങൾ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക.
• വീട്ടു പരിസരത്ത് മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.
രോഗബാധയുള്ള പ്രദേശങ്ങളിൽ സ്‌കൂളുകളിലും കോളേജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവച്ചു കഴിക്കുന്നത് ഒഴിവാക്കുക. ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളിൽ ഉപയോഗിക്കുക.
രോഗബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഉണ്ടാകുമ്പോഴും പൊതുഇടങ്ങൾ സന്ദർശിക്കുന്നതും രോഗവ്യാപനത്തിനു കാരണമാകാം. രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ജീവിതശൈലീരോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, ഗുരുതരരോഗബാധിതർ തുടങ്ങിയവരിൽ കരളിന്റെ പ്രവർത്തനം തകരാറിലായി രോഗം ഗുരുതരമാകാൻ സാധ്യതയുഉള്ളതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നും കൃത്യമായ ചികിത്സ കാലതാമസം കൂടാതെതന്നെ തേടുക. ഇവർ കഴിവതും പൊതുഇടങ്ങൾ സന്ദർശിക്കുന്നതും കൂടുതൽ ജനസമ്പർക്കം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. പുറത്തുപോകുന്ന സന്ദർഭങ്ങളിൽ വെള്ളവും ഭക്ഷണവും ഒപ്പം കരുതുകയും പുറത്തുനിന്നുമുളള ആഹാരവും ശീതളപാനീയങ്ങളും കഴിക്കുന്നത് കഴിവതും ഒഴിവാക്കുവാനും ശ്രദ്ധിക്കുക.
Discussion about this post