കോഴിക്കോട്; മുനമ്പം വഖഫ് കേസിൽ മലക്കം മറിഞ്ഞ് ഭൂമി വഖഫ് ചെയ്ത സിദ്ദഖ് സേഠിന്റെ മകളുടെ മക്കൾ. ഭൂമി വഖഫല്ലെന്ന് സിദ്ദിഖ് സേഠിന്റെ മകളുടെ മക്കളുടെ അഭിഭാഷൻ വഖഫ് ട്രൈബ്യൂണലിൽ വ്യക്തമാക്കി. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോർഡിൽ ഹർജി നൽകിയ സിദ്ദിഖ് സേഠിന്റെ മകൾ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്. ഫറൂഖ് കോളജ് അധികൃതരുടെയും മുനമ്പം നിവാസികളുടേയും അതേ നിലപാടാണ് ഇതുവരെ വഖഫ് ഭൂമിയാണെന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്
ഭൂമി ഫാറൂഖ് കോളേജിന് രജിസ്റ്റർ ചെയ്തുനൽകിയപ്പോൾ ഭൂമിയുടെ ക്രയവിക്രയം ഫാറൂഖ് കോളേജിന് പൂർണമായും നൽകിയതായി പരാമർശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥർക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. അതിനാൽ ഈ പരാമർശങ്ങൾ ഭൂമി വഖഫ് അല്ലെന്നതിന് തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകൻ വാദിച്ചത്. അതേസമയം, സിദ്ദിഖ് സേഠിന്റെ രണ്ടുമക്കൾ മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
പറവൂർ കേസിലും ബോർഡിന്റെ സിറ്റിങ്ങിലുമുൾപ്പെടെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാടായിരുന്നു സിദ്ദിഖ് സേഠിന്റെ മകളുടെ മക്കളെടുത്തത്. ഭൂമി തിരിച്ചെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ആധാരത്തിൽ രണ്ട് തവണ ‘വഖഫ്’ എന്ന് പരാമർശിച്ചിട്ടുണ്ടെന്നും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നുവെന്നും പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ഭൂമി വഖഫ് തന്നെയെന്നാണ് ട്രൈബ്യൂണലിൽ വഖഫ് ബോർഡ് വാദിച്ചത്.
Discussion about this post