മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പെരുമ്പാവൂർ സ്വദേശിനിയായ 35 കാരി അസ്മയാണ് വീട്ടിലെ പ്രസവത്തിനിടെ മരിച്ചത്. സംഭവത്തിൽ മതപ്രഭാഷകനായ ഭർത്താവ് സിറാജ്ജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലെ പ്രസവത്തിന്റെ അപകടാവസ്ഥയെ കുറിച്ച് വലിയ ബോധവത്കരണം നടക്കുന്ന സമയത്ത് ആശുപത്രി പ്രസവത്തിനെതിരെ ക്യാമ്പെയ്ൻ നടത്തുന്ന ദമ്പതിമാർക്കെതിരെയും പ്രതിഷേധം കനക്കുകയാണ്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ദമ്പതിമാർ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാവുന്നത്.നാലാമത്തെ പ്രസവം സ്വന്തം ബെഡ്‌റൂമിൽ ഒരു അക്യുപങ്ചറിസ്റ്റിൻറെ സഹായത്തോടെ പ്രസവിച്ചെന്നും വേദനകളൊന്നും അനുഭവിക്കേണ്ടി വന്നില്ലെന്നുമാണ് മർവ സക്കറിയ ദമ്പതികളുടെ വിവരണം. ഹോസ്പിറ്റലിൽ വെച്ച് പ്രസവിക്കുമ്പോൾ ശാരീരികമായും മാനസികമായും ഒരുപാട് തളരുന്നുണ്ടെന്നും ഹോസ്പിറ്റലിൽ പ്രസവിക്കുന്ന ഒരു സ്ത്രീ രണ്ടാമതൊന്ന് പ്രസവിക്കാൻ ഉറപ്പായും പേടിക്കുമെന്നാണ് ദമ്പതികളുടെ അവകാശവാദം.
പ്രസവ വേദനയുടെ ഇടയ്ക്ക് ഡോക്ടർമാർ നടത്തുന്ന ഉൾപരിശോധന മാനസികമായും ശാരീരികമായുമുള്ള പീഡനമാണെന്നും ഇങ്ങനെ പ്രസവിക്കുന്നവർ പിന്നീട് പ്രസവിക്കില്ലെന്നും ഇതിൽതന്നെ ചിലർ പ്രസവിച്ചാൽ തന്നെ കുട്ടിയെ കാണേണ്ട എന്ന് പറയുമെന്നും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന പെണ്ണുങ്ങൾക്ക് രണ്ടോ മൂന്നോ അതിലധികമോ പ്രസവിക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു.
ദമ്പതികളുടെ വാക്കുകൾ
‘ഞാൻ ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു. വീട്ടിൽ ഞങ്ങളുടെ ബെഡ്‌റൂമിൽ അക്യുപങ്ചറിസ്റ്റിൻറെ സഹായത്തോടെ പ്രസവിച്ചു. അൽഹംദുലില്ലാ ഞങ്ങൾക്ക് ഇപ്പോൾ നാല് മക്കളുണ്ട്. ആദ്യത്തെ പ്രസവം സിസേറിയനായിരുന്നു. രണ്ടാമത്തെ പ്രസവം പ്രകൃതി ചികിൽസയിലൂടെ സാധാരണ പ്രസവം ആയിരുന്നു. മൂന്നാമത്തേത് ഹോസ്പിറ്റലിൽ പ്രസവിച്ചു. നാലാമത്തേത് വീട്ടിലാണ് പ്രസവിച്ചത്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിട്ടുള്ള കാര്യമാണ്.
എല്ലാ പെൺകുട്ടികളും ഹോസ്പിറ്റലിലാണ് പ്രസവിക്കുന്നത്. ഞാൻ ഹോസ്പിറ്റലിലും വീട്ടിലും പ്രസവിച്ചു. ആ ഒരു അനുഭവത്തിൽ എനിക്ക് മനസിലായത് ഹോസ്പിറ്റലിൽ നടക്കുന്ന സുഖപ്രസവവും വീട്ടിൽ നടക്കുന്ന പ്രസവവും രണ്ടും രണ്ടാണ്. ഹോസ്പിറ്റലിൽ വെച്ച് പ്രസവിക്കുമ്പോൾ ശാരീരികമായും മാനസികമായും ഒരുപാട് തളരുന്നു. വേദന വരാൻ മരുന്ന് കുത്തിവെക്കും, നിർബന്ധപൂർവം പുഷ് ചെയ്യിപ്പിക്കുന്നുണ്ട്. സ്റ്റിച്ച് ഇടേണ്ടിവരും ഉള്ള് പരിശോധിക്കും വയറിൽ പിടിച്ച് തള്ളും. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഹോസ്പിറ്റലിൽ ചെയ്യിപ്പിക്കുന്നുണ്ട്. വീട്ടിൽ പ്രസവിച്ചപ്പോൾ ഇതൊന്നും ഞാൻ അറിയേണ്ടി വന്നിട്ടില്ല. പുഷ് ചെയ്യേണ്ടി വന്നിട്ടേയില്ല. അവസാന സമയത്ത് കുട്ടി പുറത്ത് വരുമ്പോഴുള്ള ചെറിയ ഒരു വേദനയാണ് അറിഞ്ഞിട്ടുള്ളു. അതുകൊണ്ടാണ് പറഞ്ഞത് വീട്ടിലെ പ്രസവം സന്തോഷകരമായ കാര്യമാണെന്ന്. കഴിഞ്ഞ തവണ ഒരുപാട് അനുഭവിച്ചു. ഇത്തവണ അങ്ങനത്തെ ഒരു പ്രശ്‌നവും അറിഞ്ഞിട്ടില്ല. ഹോസ്പിറ്റലിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഹോസ്പിറ്റലിൽ പ്രസവിക്കുന്ന ഒരു സ്ത്രീ രണ്ടാമതൊന്ന് പ്രസവിക്കാൻ ഉറപ്പായും പേടിക്കും.
പുറത്തേക്ക് വരാൻ ആഗ്രഹിക്കാത്ത ഒരു കുഞ്ഞിനെ പിടിച്ച് വലിച്ച് ബലം പ്രയോഗിച്ച് പുറത്തെടുക്കുകയാണ്. പ്രസവിക്കാനായി കയറുന്ന പെണ്ണിൻറെ ശരീരത്തിൽ കയറി ഇരുന്നു തള്ളുന്നു. ബലം പ്രയോഗിച്ച് പിടിച്ച് വലിക്കുന്നു. ഒരു പെണ്ണിൻറെ മേത്താണ് ഈ ബലം പ്രയോഗിക്കുന്നത്. ഒരു പെണ്ണാണ് പ്രസവിക്കുന്നത് എന്ന് മാറി പ്രസവിക്കാൻ ഡോക്ടർ വേണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. എന്തിനാണ് ഇത്തരം അനാവശ്യ ബലപ്രയോഗങ്ങളും കോംപ്ലിക്കേഷൻസും വേദനകളും അനാവശ്യമാണെന്ന് എൻറെ കണ്ണുകൊണ്ട് ഞാൻ കണ്ടു. പ്രസവിച്ച് കഴിഞ്ഞപ്പോൾ ഞാൻ കുട്ടി പുറത്തുവന്ന് എന്ന് പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞത് സത്യം പറ, കഴിഞ്ഞോ ഇത്രയേയുള്ളോ എന്നാണ്. മറുപിള്ള കട്ട് ചെയത് എടുക്കുന്നതിന് മുൻപെടുത്ത ചിത്രമുണ്ട്. അത് ഞാൻ അഭിമാനത്തോടെ പലരെയും കാണിക്കാറുണ്ട്. ഹോസ്പിറ്റലിലാണെങ്കിൽ അവൾ ബോധംകെട്ട് കെടന്നേനെ. കുട്ടി പുറത്തേക്ക് വരുന്ന സെക്കൻറുകളിൽ അനുഭവപ്പെടുന്നതാണ് പ്രസവ വേദന. എന്നാൽ നമ്മുടെയൊക്കെ മനസിൽ ഡോക്ടർമാരും നഴ്‌സുമാരുടെയും ബലപ്രയോഗങ്ങളുടെ വേദനയാണ്. പ്രസവ വേദനയുടെ ഇടക്ക് അവരുടെ കൈ അകത്തിട്ട് മാനസികമായും ശാരിരികമയും പീഡനമായി ഇത് മാറുകയും ചെയ്യുന്നു. പ്രസവിക്കില്ല, പ്രസവിച്ചാൽ തന്നെ ചില പെണ്ണുങ്ങൾ കുട്ടിയെ കാണേണ്ട എന്നുതന്നെ പറയുന്നു. ഇങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോകുന്ന പെണ്ണുങ്ങൾക്ക് രണ്ടോ മൂന്നോ അതിലധികം പ്രസവിക്കാൻ സാധിക്കില്ല.’
Discussion about this post