ന്യൂഡൽഹി: പ്രമുഖ മൊബൈൽ കമ്പനിയായ ആപ്പിൾ, ഐഫോൺ നിർമ്മാണത്തിൻ്റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റുന്നത് ഗൗരവമായി പരിഗണിക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ചൈനയുമായി നടക്കുന്ന വിപണി യുദ്ധത്തിൻ്റെ ഭാഗമായി ചൈനയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന ഉയർന്ന ഇറക്കുമതി നികുതികളിൽ നിന്ന് രക്ഷപ്പെടാനാണ് ഈ സുപ്രധാന നീക്കം.
തുടക്കത്തിൽ താൽക്കാലികമായാണെങ്കിലും ഭാവിയിൽ ഇത്തരത്തിലുള്ള സംഘർഷങ്ങളുടെ സാദ്ധ്യത കണക്കിലെടുത്ത് ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമാക്കി മാറ്റാൻ ആപ്പിൾ ലക്ഷ്യമിടുന്നു എന്നാണ് വാൾസ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട് പറയുന്നത്. തൽക്കാലം അമേരിക്കൻ വിപണിയിലേക്കുള്ള ഐഫോണുകൾ മാത്രമാവും ഇന്ത്യയിൽ നിർമ്മിക്കുക. മറ്റ് രാജ്യങ്ങളിലേക്കുള്ള ഐ ഫോൺ നിർമ്മാണം ചൈനയിൽ തന്നെ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
‘മേക്ക് ഇൻ ഇന്ത്യ’ക്ക് വൻ ഉത്തേജനം
ചൈനയേയും വിയറ്റ്നാമിനേയും പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത്. ഇതാണ് ആപ്പിളിനെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഈ നീക്കം ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഉത്തേജനം നൽകുമെന്നും രാജ്യത്ത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വ്യവസായ ലോകം വിലയിരുത്തുന്നു.
ആപ്പിളിന് പുറമെ, സാംസങ് പോലുള്ള മറ്റ് ഇലക്ട്രോണിക് ഭീമന്മാരും സമാനമായ കാരണങ്ങളാൽ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ട്. ചില ചൈനീസ് കമ്പനികൾ പോലും അമേരിക്കൻ നികുതി ഒഴിവാക്കാൻ അവരുടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേ സമയം ടെസ്‌ലയെ ഇന്ത്യയിൽ ഫാക്ടറി തുടങ്ങാൻ സ്വാഗതം ചെയ്യുമ്പോഴും ചൈനീസ് കാർ നിർമ്മാതാക്കളായ ബി വൈ ഡി യെ ഇന്ത്യയിൽ നിർമ്മാണശാലകൾ തുടങ്ങാൻ അനുവദിക്കില്ലെന്ന് വ്യവസായമന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇത് മറ്റ് ചൈനീസ് കമ്പനികൾക്കും ബാധകമാക്കുമോ എന്ന് ചൈനീസ് വ്യവസായപ്രമുഖർക്ക് ആശങ്കയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വെല്ലുവിളികളും ഏറെ
ഈ വലിയ അവസരം മുതലെടുക്കാൻ ഇന്ത്യ വളരെപ്പെട്ടെന്ന് തന്നെ റോഡ്, തുറമുഖം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. സംരംഭങ്ങൾ തുടങ്ങാനും ബിസിനസ്സ് നടത്താനുമുള്ള നിയമങ്ങൾ കൂടുതൽ ലളിതമാക്കുകയും വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ, ഇന്ത്യയെക്കാൾ കുറഞ്ഞ യുഎസ് നികുതിയുള്ള ബ്രസീൽ, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള മത്സരവും ഒരു വെല്ലുവിളിയാണ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നിലവിൽ അമേരിക്ക ചുമത്തുന്ന 26% നികുതി കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ, കമ്പനികൾ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനും സാധ്യതയുണ്ട്.
പക്ഷേ പുതിയൊരു വ്യാപാര കരാറിനായി അമേരിക്കയുമായി ഇന്ത്യ നിലവിൽ നടത്തുന്ന ചർച്ചകൾക്ക് ശേഷം അനുകൂലമായ വ്യവസ്ഥകൾ നേടാനായാൽ, ആഗോള ഇലക്ട്രോണിക്സ് വിതരണ ശൃംഖലയിലെ മാറ്റങ്ങൾ ഇന്ത്യക്ക് ഒരു സുവർണ്ണാവസരമായി മാറുമെന്നാണ് പ്രതീക്ഷ
Discussion about this post