കാസർകോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ’ പാത്തുമ്മയുടെ ആട് പത്രം തിന്നത് എത്ര ആസ്വദിച്ചാണല്ലേ നമ്മൾ വായിച്ചത്. അത് പോലെ രസകരവും എന്നാൽ ഗൗരവകരവുമായ ഒരു സംഭവം നടന്നിരിക്കുകയാണ്. ഇവിടെ പരുന്ത് ഹാൾടിക്കറ്റാണ് റാഞ്ചിയത്. ഇന്ന് രാവിലെ കാസർകോട് ഗവ. യു പി സ്‌കൂളിലാണ് സംഭവം.രാവിലെ 7.30 മുതൽ 9.30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായി പിഎസ്സി പരീക്ഷ നടന്നത്. കേരള പിഎസ്സി നടത്തിയ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു ഉദ്യോഗാർത്ഥി. പരീക്ഷ ഹാളിൽ കയറുന്നതിന് മുമ്പ് പരീക്ഷയ്ക്ക് വരാനുള്ള ഭാഗങ്ങൾ അവസാനവട്ടം നോക്കിയിരിക്കെയാണ് സമീപത്ത് വച്ചിരുന്ന ഹാൾടിക്കറ്റ്, എവിടെ നിന്നോ പറന്നുവന്ന പരുന്ത് റാഞ്ചിയെടുത്തത്.
റാഞ്ചിയെടുത്ത ഹാൾടിക്കറ്റുമായി പരുന്ത് പരീഷാഹാളിന് മുകളിലെ ജനാലയിൽ ഇരിപ്പുറപ്പിച്ചു. ഞെട്ടിപ്പോയ ഉദ്യോഗാർത്ഥിയോടൊപ്പം പരീക്ഷയ്ക്കായി സ്‌കൂളിലെത്തിയ 300ഓളം ഉദ്യോഗാർത്ഥികളും പരീക്ഷ നടത്താനായി എത്തിയവരും ബഹളം കൂട്ടിയെങ്കിലും പരുന്തിന് ഒരു കുലുക്കവും ഇല്ല. ഹാൾടിക്കറ്റും കൊത്തിപിടിച്ച് നോക്കി ഒറ്റയിരുപ്പായിരുന്നു.
പരീക്ഷ സമയം അടുത്തതോടെ ഉദ്യോർത്ഥികളിൽ ഓരോരുത്തരായി പിരിഞ്ഞു പോയി. പരീക്ഷ നടത്താനെത്തിയവരും. എന്തുചെയ്യണമെന്നറിയാതെ ഹാൾടിക്കറ്റിന്റെ ഉടമയായ ഉദ്യോഗാർത്ഥിയും ഒപ്പം ചില സുഹൃത്തുക്കളും താഴെ. ചിലർ കല്ലെടുത്തറിയാൻ ഉപദേശിച്ചെങ്കിലും ഹാൾടിക്കറ്റുമായി പരുന്ത് ദൂരേക്ക് എങ്ങാനും പറന്നുപോയാൽ ഉള്ള പ്രതീക്ഷ കൂടി പോയാലോ എന്ന് കരുതി ഹാൾടിക്കറ്റിന്റെ ഉടമ ഒന്നും ചെയ്യാതെ നിന്നു. ഒടുവിൽ അവസാന ബെല്ലടിക്കുന്നതിന് തൊട്ടു മുമ്പ്, പരുന്ത് ഹാൾടിക്കറ്റ് താഴെയിട്ട് വന്നേ വഴിയേ പറന്നു.
Discussion about this post