ലക്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ പ്രാദേശിക നേതാവിനെയും മകനെയും ബലാത്സംഗകേസിൽ കുടുക്കാനായി യുവതി ചെയ്ത് കൂട്ടിയത് സിനിമാകഥയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങൾ. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക നേതാവിനെതിരെയും മകനെതിരെയും ബലാത്സംഗം,തട്ടിക്കൊണ്ടുപോകൽ,വെടിവയ്പ്പ് എന്നീ ഗുരുതര ആരോപണങ്ങളായിരുന്നു യുവതി ഉന്നയിച്ചിരുന്നത്.
ആരോപണങ്ങൾ കൂടുതൽ വിശ്വസനീയമാക്കുവാനായി,ജില്ലാ ആശുപത്രി ജീവനക്കാരന്റെയും രജിസ്റ്റേഡ് അല്ലാതെ പ്രവർത്തിക്കുന്ന ഒരു ഡോക്ടറുടെയും സഹായമാണ് യുവതി തേടിയത്. ഡോക്ടറുടെ സഹായത്തോടെ സ്ത്രീ, തന്റെ നെഞ്ചിൽ വെടിയുണ്ട വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയയുടെ മുറിവ് മറച്ചുവയ്ക്കാനായി നാണയം ചൂടാക്കി പൊള്ളിച്ച് വെടിയേറ്റ പാട് പോലെയാക്കി.
തുടർന്നാണ് യുവതി തന്റെ പ്ലാനുകൾ നടപ്പിലാക്കാൻ തുടങ്ങിയത്. മാർച്ച് 30 ഓടെ രാത്രിയിൽ ഗാന്ധി ഉദ്യാനത്തിനടുത്ത് യുവതിയെ മുറിവുകളോടെ കണ്ടെത്തുകയും ആശുപത്രിയിലാക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ സ്ത്രീയുടെ ബന്ധുവായ പെൺകുട്ടി പോലീസിൽ പരാതി നൽകി. മെഡിക്കൽ ഷോപ്പിനടുത്ത് നിൽക്കുകയായിരുന്ന സ്ത്രീയെ, കറുത്ത കാറിലെത്തിയ അഞ്ചുപുരുഷന്മാർ യുവതിയെ തട്ടിക്കൊണ്ടുപോവുകയും,ബലാത്സംഗം ചെയ്യുകയും ആഭരണങ്ങൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. രക്ഷപ്പെടാൻ ചെറുക്കുന്നതിനിടെ വെടിവയ്ക്കുകയും പാർക്കിന് സമീപം ഉപേക്ഷിക്കുകയും ചെയ്തതായി പെൺകുട്ടി പരാതി നൽകി.
എന്നാൽ വെടിയേറ്റ മുറിവിൽ പോലീസിനുണ്ടായ സംശയമാണ് പരാതിയുടെ ചുരുളഴിച്ചത്. വെടിയേറ്റിട്ടില്ലെന്നും ശസ്ത്രക്രിയയിലൂടെയാണ് ഫിറ്റ് ചെയ്തതെന്നും കണ്ടെത്തി. മുറിവേറ്റ സ്ഥലത്തിന് സമീപം ശസ്ത്രക്രിയയിലൂടെ കാണാവുന്ന ഒരു മുറിവ് കണ്ടെത്തി. സംശയങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, രാത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ സ്ത്രീ ഒരു ഓട്ടോറിക്ഷയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും തെളിഞ്ഞു. ഇതോടെ സംശയം ബലപ്പെടുത്തിയ പോലീസ് സ്ത്രീയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രാദേശിക നേതാവിനെയും മകനെയും കുടുക്കാനാണ് വ്യാജകേസ് കെട്ടിച്ചമച്ചതെന്ന് ഇവർ കുറ്റസമ്മതം നടത്തുകയായിരുന്നു.













Discussion about this post