ചെന്നൈ : അഭിപ്രായ വ്യത്യാസങ്ങളും പടലപിണക്കങ്ങളും മൂലം പിരിഞ്ഞിരുന്ന എൻഡിഎ സഖ്യവുമായി വീണ്ടും ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ച് എഐഎഡിഎംകെ. 2026 ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് എഐഎഡിഎംകെയുടെ ഈ തീരുമാനം. തിരഞ്ഞെടുപ്പിനെ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ച് നേരിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ദേശീയ തലത്തിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും സംസ്ഥാന തലത്തിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുമായിരിക്കും തിരഞ്ഞെടുപ്പുകളെ നേരിടുക എന്ന് അമിത് ഷാ അറിയിച്ചു. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് എഐഎഡിഎംകെ വീണ്ടും ഒപ്പം ചേരുന്നത് എന്നും അമിത് ഷാ ഡൽഹിയിൽ നടത്തിയ വർത്താസമ്മേളനത്തിൽ അറിയിച്ചു. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായ കെ അണ്ണാമലൈയും എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമിയും അമിത് ഷായ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
വരാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ, ഡിഎംകെയുടെ അഴിമതി, ക്രമസമാധാന പ്രശ്നങ്ങൾ, ദലിതർക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നിവ കണക്കിലെടുത്തായിരിക്കും ജനങ്ങൾ വോട്ട് ചെയ്യുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. ഡിഎംകെ സർക്കാർ 39,000 കോടി രൂപയുടെ മദ്യക്കമ്പനി, മണൽ ഖനന അഴിമതി, ഊർജ്ജ അഴിമതി, എൽകോട്ട് അഴിമതി, ഗതാഗത അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ അഴിമതി എന്നിവ നടത്തി. ഇതിനെല്ലാം തമിഴ്നാട്ടിലെ ജനങ്ങളോട് ഉത്തരം പറയേണ്ട ഒരു ദിവസം വരും. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഡിഎംകെയും പ്രതിപക്ഷ പാർട്ടികളും ഡീലിമിറ്റേഷൻ, നീറ്റ് എന്നീ വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post