ന്യൂഡൽഹി; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സും ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഏപ്രിൽ മൂന്നാം വാരത്തിൽ ജെ ഡി വാൻസും മൈക്ക് വാൾട്ട്സും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർണ്ണായക നയതന്ത്ര ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്കായി വാൾട്സ് ഇന്ത്യ സന്ദർശിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ജെ ഡി വാൻസിൻറെ യാത്ര തീരുമാനമായതോടെ മൈക്ക് വാൾട്ട്സും അതേ സമയം ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇന്ത്യ-യുഎസ് നയതന്ത്ര സംഭാഷണങ്ങൾക്കായാണ് വാൾട്സ് എത്തുന്നത്. നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമായിരിക്കും വാൻസിന്റെയും വാൾട്ട്സിന്റെയും സന്ദർശനങ്ങൾ എന്നത് മറ്റൊരു പ്രത്യേകതയാണ്.
അതേ സമയം ഏപ്രിൽ 22-23 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൌദി അറേബ്യ സന്ദർശനത്തിനൊരുങ്ങുകയാണ്. ഇക്കാരണത്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാൻസും വാൾട്ട്സും തമ്മിലുള്ള കൂടിക്കാഴ്ച വളരെ ചെറിയ സമയമേ ഉള്ളൂ എന്നാണ് സൂചന.
Discussion about this post