ന്യൂഡൽഹി: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഖ്‌നൂർ സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചു.കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്.
ഇന്നലെ രാത്രിവൈകി കേരി ഭട്ടൽ പ്രദേശത്തെ വനമേഖലയിൽ അരുവിക്ക് സമീപം ആയുധധാരികളായ ഒരുസംഘം ഭീകരർ തമ്പടിച്ചിരിക്കുന്ന വിവരമറിഞ്ഞ് സൈന്യം അവിടെയെത്തുകയായിരുന്നു. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർത്തു. സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഏറെ സമയം നീണ്ടുനിന്നു. ഇതിനിടയിലാണ് ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് പരിക്കേൽക്കുകയും പിന്നീട് വീരമൃത്യുവരിക്കുകയുമായിരുന്നു.
ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡറും ഉൾപ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകൾ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു.
Discussion about this post