ന്യൂഡൽഹി’ രാജ്യത്തെ ആദ്യ പർപ്പിൾ ഓഫീസർമാരുടെ ബാച്ച് പരിശീലനം പൂർത്തിയാക്കി. കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ സംയുക്തമായി പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥരാണ് പർപ്പിൾ ഓഫീസർമാർ. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണിലുള്ള ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് നാൽപ്പതുപേരാണ് പരിശീലനം പൂർത്തിയാക്കി ഇറങ്ങിയിരിക്കുന്നത്. ആർമിയിൽ നിന്ന് ഇരുപതും നാവികസേനയിൽ നിന്നും വ്യോമസേനയിൽ നിന്നും 10 വീതവും ഉദ്യോഗസ്ഥരാണ് പരിശീലനം പൂർത്തിയാക്കിയത്. അമേരിക്ക, ദക്ഷിണ കൊറിയ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഓഫീസർമാരും ഇതിന്റെ ഭാഗമായി.
പ്രത്യേക പരിശീലനം നേടിയ ഈ ഉദ്യോഗസ്ഥർ ആൻഡമാൻ നിക്കോബാർ കമാൻഡ്, ന്യൂഡൽഹിയിലെ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഐഡിഎസ്), മാരിടൈം കൺട്രോൾ സെന്റർ എന്നിവ സന്ദർശിച്ചു. സംയുക്ത പ്രവർത്തനവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ്, ഇന്റലിജൻസ്, സൈബർ സുരക്ഷ എന്നിവയെക്കുറിച്ചുള്ള പരിശീലനത്തിലും ഏർപ്പെട്ടു.
എ ഐ അടക്കമുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവ് യുദ്ധത്തിന്റെ സ്വഭാവം മാറ്റുകയാണെന്നും പുതിയൊരു യുദ്ധ മുഖത്തിന് തുടക്കമിടുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കര, കടൽ, വ്യോമ യുദ്ധക്കളങ്ങൾക്കപ്പുറത്തേക്ക് ആധുനിക യുദ്ധം വ്യാപിക്കുന്നു. അതിനാൽത്തന്നെ സൈബർ, ബഹിരാകാശം അടക്കമുള്ള ഒന്നിലധികം മേഖലകളിൽ സായുധ സേന സംയുക്തമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post